2010, നവംബർ 15, തിങ്കളാഴ്‌ച

ഈദ് മുബാറക്./AJ


ഹജ്ജിന്റെ വസ്ത്രം (ഇഹ്റാം) ധരിച്ചാല്‍ പിന്നെ ഹാജിമാര്‍ "ലബ്ബൈക്ക"ഉരുവിടുകയായി.
 
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്...ലബ്ബൈക്ക് ലാ ഷരീക ലക്ക ലബ്ബൈക്ക്  ....
ഇന്നല്‍ ഹംദ വാ ന്നിഉമത്ത ലക വല്‍ മുല്‍ക്ക്  ലാ ഷരീക ലക്ക് ..

(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു,  ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു,
 ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനും ഇല്ല, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു, സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്, എല്ലാ അനുഗ്രഹവും നിന്റേത് ആണ്,എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കു കാരനും ഇല്ല.)

ഹജ്ജ് ഒരു മഹത്തായ അനുഭവമാണ്. ആഗ്രഹിക്കുന്നു എങ്കില്‍ തന്നെയും എല്ലാവര്ക്കും
അത് അനുഭവിച്ച്  അറിയാന്‍ കഴിയുന്നില്ല. ഹജ്ജ് വേളയില്‍ നേടുന്ന ആത്മീയ ചൈതന്യം
അനുഭവിച്ച് അറിയുകതന്നെ വേണം. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് അറഫയില്‍ ഒരുമിച്ചുകൂടുന്നു. 
പരിശുദ്ധ ഹജ്ജിന്റെ മാസമായ ദുല്‍ ഹിജ്ജ് പത്തിന് ആണ് വലിയ പെരുന്നാള്‍ അല്ലെങ്കില്‍ ഹജ്ജി പെരുന്നാള്‍.
മുസ്ലിങ്ങള്‍ക്ക്‌ അള്ളാഹു അനുവദിച്ച രണ്ടു ആഘോഷങ്ങളാണ് ഈദുല്‍ ഫിതറും ഈദുല്‍ അളുഹയും.
നബി (സ) പറയുകയുണ്ടായി: ഇസ്ലാം അഞ്ചു കാര്യങ്ങളിലാണ് സ്ഥാപിക്കപെട്ടിരിക്കുന്നത്. അള്ളാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റമദാനില്‍ നോമ്പ് അനുഷ്ടിക്കുക കഴിവുള്ളവന്‍ കഅബയില്‍ പോയി ഹജ്ജു നിര്‍വഹിക്കുക. ഈ അഞ്ചാമത്തെ കാര്യം നിര്‍വഹിക്കുന്നതിനാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ പരിശുദ്ധ മക്കയിലേക്ക് യാത്ര തിരിക്കുന്നത്.
സാമ്പത്തികമായും ശാരീരികമായും, യാത്രക്ക് കഴിവുമുള്ള സ്ത്രീയും പുരുഷനും ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധംമായ ഒന്നാണ് ഹജ്ജ്.(സ്ത്രീക്ക് കൂടെ യാത്ര ചെയ്യാന്‍ അനുവദനീയമായ പുരുഷന്‍ ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമാകുകയുള്ളൂ.)
നവംബര്‍ 15 അറഫ ദിനം ( 2010 )
ഹജ്ജിന്റെ പല കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അറഫ ദിനം ഹാജിമാര്‍ ദുല്‍ ഹിജ്ജ് ഒന്‍പതിന് അറഫയില്‍ ഒരുമിച്ച്കൂടി ളുഹര്‍ നമസ്കാരശേഷം അസ്തമയം വരെ പ്രാര്‍ഥനകളില്‍ മുഴുകുന്നു. ഈ ദിവസം ഹജ്ജിനു പുറപ്പെടാത്തവര്‍ നോമ്പ് അനുഷ്ടിക്കാന്‍ കല്പിക്കപെട്ടിരിക്കുന്നു.(ഹാജിമാര്‍ ഈ ദിനം നോമ്പ് പിടിക്കേണ്ടതില്ല.)
പ്രവാചകന്‍ (സ) പറഞ്ഞു "അറഫ ദിനത്തിലെ നോമ്പിലൂടെ നിങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പാപവും വരാനിരിക്കുന്ന ഒരു വര്‍ഷത്തെ പാപവും പൊറുക്കപ്പെടും" നാം നോമ്പ് എടുക്കുന്നതോടൊപ്പം നമ്മുടെ അടുത്തതും അകന്നതുമായ കുടംബാഗങ്ങളിലും സുഹൃത്തുക്കളിലും ഈ സുന്നത്തിനെ സജീവമാക്കുക.

ഹജ്ജു കര്‍മം നിര്‍വഹിക്കാന്‍ കഴിവുള്ളവര്‍ അത് നീട്ടിവെക്കാതെ എത്രയും വേഗം ചെയ്യുന്നതാണ് അഭികാമ്യം.
നമ്മില്‍ നിന്നും കഴിവുള്ളവര്‍ക്ക് അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തില്‍ എത്തി പടച്ചവനു തൃപ്തിപ്പെടുന്ന ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ.

1 അഭിപ്രായം:

faisu madeena പറഞ്ഞു...

ഈദ്‌ മുബാറക്‌...........