2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഈദുൽ ഫിത്ർ

മുപ്പതു നാളിലെ വ്രതാനുഷ്ടാനത്തിനു ശേഷം ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ഇസ്ലാം മത വിശ്വാസികളുടെ രണ്ടു പ്രധാന ആഘോഷങ്ങള്‍ ഈദുല്‍ഫിതറും  ഈദുല്‍ ആളുഹയുമാണ്‌. റംസാന്‍ മാസപ്പിറവി കാണുന്നതോടുകൂടി നോമ്പ് ആരംഭിക്കുകയും
അടുത്ത ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നത്തോടെ പെരുന്നാള്‍ ആഘോഷിക്കുവാനുമാണ് പ്രവാചക  വചനം. 
ചന്ദ്രിക മാസകണക്കനുസരിച്ച് അറബിമാസം കണക്കാക്കുന്നത് കൊണ്ടാണിത്. ചില മാസങ്ങളില്‍ 29 ദിവസങ്ങള്‍ കണക്കാക്കുന്നത് മാസപ്പിറവിയിലെ വ്യത്യാസങ്ങള്‍ കൊണ്ടാണ്.  ഗൾഫിലും നാട്ടിലും ഇപ്രാവശ്യവും ഈദുൽ ഫിത്ർ നാളെ യാകാനാണ് സാധ്യത. വിശ്വാസികൾ ഈദ് ആഘോഷത്തിന്റെ  തിരക്കിലാണ്. പുതുവസ്ത്രങ്ങൾ അണിഞ്ഞും ആശംസകൾ കൈമാറിയും സന്തോഷം പങ്കുവെക്കുന്നു. 

ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ നോമ്പ് ദിനങ്ങള്‍ കഴിഞ്ഞു കൂടികൊണ്ട് ദാനധര്‍മങ്ങളും വര്വര്ധിപ്പിക്കുന്ന സമയമാണ് റമദാനിലെ അവസാന ദിനങ്ങള്‍ ഫിതര്‍ സകാത്ത് നല്‍കല്‍ ഇസ്ലാമിലെ ഒരു നിര്‍ബന്ധ കടമയാണ്.
ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു ഇത് വഴിയൊരുക്കുന്നു. അതാതു നാട്ടിലെ പ്രധാന ധാന്യമാണ്‌ ഫിതര്‍ സകാത്ത് ആയി നല്‍കുന്നത്. (ഗോതമ്പ്, ഈത്തപ്പഴം, അരി എന്നിങ്ങനെ എന്തെങ്കിലും) പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് തന്നെ ഇത് നല്‍കിയാലേ ഫിതര്‍ സകാത്ത് ആയി പരിഗണിക്കുകയുള്ളൂ. (പെരുന്നാളിന് രണ്ടു നാള്‍ മുന്‍പ് മുതല്‍ നല്‍കാവുന്നതാണ്) നമസ്കാരശേഷം നല്‍കുന്നത് ഈ ഗണത്തില്‍ പെടുകയില്ല

ഒരുവര്‍ഷം ബാക്കിയാകുന്ന സമ്പത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കി സാമ്പത്തിക സകാത്ത് വിശ്വാസികള്‍ നല്‍കുന്നതും റമദാനിലാണ്.

പള്ളികളിലും ഈദ്‌ ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കപ്പെടുന്നു. എല്ലാ പ്രധാന പട്ടണങ്ങളിലും ഈദ്‌ഗാഹിനായി പ്രത്യേകം സജ്ജീകരിച്ച മൈതാനങ്ങള്‍  ഗള്‍ഫിലെ പ്രത്യേകതയാണ്. പരസ്പരം സൌഹൃദം പുതുക്കുന്നതിനും സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഈ വേള ഉപയോഗപ്പെടുത്തുന്നു

 പിന്നിട്ട നാളുകളില്‍ ആര്‍ജിച്ച ആത്മീയത തുടര്‍ന്നുകൊണ്ടുപോകാന്‍  വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതരസമുദായങ്ങളുമായി പരസ്പര സ്നേഹത്തോടെ വര്‍ത്തിക്കണമെന്ന മഹത്തായ സന്ദേശമാണ് ഈദ് നല്‍കുന്നത്.

എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.

تقبّل الله منّاومنكم

തകബ്ബല് അള്ളാഹു മിന്നാ വ മിന്കും വ കുല്ലു ആമിന്‍ വ അന്‍തും ബി ഖൈര്‍

2013, ജൂൺ 29, ശനിയാഴ്‌ച

പരിശുദ്ധ ഹറമിലെ മാതാഫ് വികസനം 2015 ൽ പൂർത്തിയാക്കും


 ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ  സജ്ജമാക്കിയ ക്രെയിനുകൾ


ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ്  (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ   നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.   

സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന  ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
 പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.

ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ  വീതി 50 മീറ്റർ ആകുന്നതോടെ ആൾ  തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്.   ഇപ്പോൾ നിലവിലുള്ള  കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)                
   
മുമ്പുള്ള   അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ   തവാഫ് ചെയ്യാവുന്നവരുടെ എണ്ണം  22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത്‌ നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്‌. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.

2013, മാർച്ച് 29, വെള്ളിയാഴ്‌ച

വായനയുടെ മധുരാനുഭൂതി

വായനയുടെ മധുരാനുഭൂതി
- പി. മുഹമ്മദ് കുട്ടശ്ശേരി  

Posted On: 4/4/2013 11:54:03 PM
വായനപോലെ മനസില്‍ ഇത്ര മധുരാനുഭൂതി പകരുന്ന മറ്റെന്തുണ്ട് ഈ ലോകത്ത്. പുതിയ അറിവുകളും ചിന്തകളും ഒഴുകിയെത്തുമ്പോള്‍, ഉദാത്ത വികാരങ്ങള്‍ തൊട്ടുണര്‍ത്തപ്പെടുമ്പോള്‍ ഉള്ളില്‍ ഓളംവെട്ടുന്ന ആഹ്ലാദം അവര്‍ണനീയംതന്നെ.

അറിവ് നേടാന്‍ അതിനൂതനമായ മാര്‍ഗങ്ങള്‍ പലതും ശാസ്ത്രം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും പരമ്പരാഗത മാധ്യമമായ വായന ഇന്നും അതേ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. 6236 സൂക്തങ്ങളുള്ള വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനില്‍ അവതരണ ക്രമത്തിലുള്ള ആദ്യത്തെ സൂക്തം 'ദൈവ നാമത്തില്‍ വായിക്കുക' എന്നതാണ്.

വായനയുടെ സുഖത്തെപറ്റി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ സിസറോ പറഞ്ഞതിങ്ങനെയാണ്: മറ്റ് പ്രവൃത്തികള്‍ ഏത് സമയത്തും ഏതുകാലത്തും ചെയ്യാന്‍പറ്റി എന്നുവരില്ല.

എന്നാല്‍ വായനയുടെ അവസ്ഥ അങ്ങനെയല്ല. അത് ചെറുപ്പകാലത്ത് നമ്മുടെ മനസ്സിന് പോഷണം നല്‍കുന്നു. വാര്‍ധക്യത്തില്‍ സംതൃപ്തിയും. സമ്പത്തും സമൃദ്ധിയുമുള്ള കാലത്ത് അത് ഭൂഷണമായിത്തീരും. ആപത്തുകാലത്ത് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. അത് രാത്രിയിലും യാത്രയിലും എവിടെയും എപ്പോഴും നമുക്ക് ചങ്ങാതിയാണ്.

സുപ്രസിദ്ധ അറബി സാഹിത്യകാരനും പണ്ഡിതനുമായ ജാഹിസ് പുസ്തകത്തെയും വായനയെയും സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. 'പുസ്തകം നിന്നെ പുകഴ്ത്തിപ്പറയാത്ത ചങ്ങാതിയും നിന്നെ മുഷിപ്പിക്കാത്ത സഹയാത്രികനും നിന്നോട് കുതന്ത്രം കാണിക്കാത്ത കൂട്ടുകാരനുമാണ്.

രാത്രിയും പകലും നാട്ടിലും പുറംദേശത്തും അത് നിന്നെ അനുസരിക്കും. നീ വിജ്ഞാനം തേടുമ്പോള്‍ ഒരു ചതിയും കാണിക്കാതെ നിനക്ക് അത് പകര്‍ന്നുതരും. നീ ഒരു പുസ്തകം വായിച്ചു വലിച്ചെറിഞ്ഞാലും അത് അതിന്റെ ഫലം നിനക്ക് നല്‍കിക്കൊണ്ടേയിരിക്കും. നീ ഏകാന്തതയില്‍ മുഴുകിക്കഴിയുമ്പോള്‍ നിന്റെ വിരസതയകറ്റുന്ന സുഹൃത്താണ് പുസ്തകം.'

ഒഴിവ് സമയം ചെലവഴിക്കാനുളള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗമാണ് വായന. വീണുകിട്ടുന്ന സമയം ഒരു നിമിഷവും പാഴാക്കാതെ വായനക്ക് വിനിയോഗിക്കുന്ന എത്ര മനുഷ്യരുണ്ട്. ഹസന്‍ ലുഅ്‌ലുഅ് പറയുന്നു: 'ഞാന്‍ പകല്‍ വിശ്രമിക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ചാരിക്കിടക്കുമ്പോഴുമെല്ലാം എന്റെ നെഞ്ചില്‍ പുസ്തകമുണ്ടായിരിക്കും.' അസമയത്ത് ഉറക്കം വന്നാല്‍ തത്വചിന്താപരമായ പുസ്തകം വായിക്കുകയായിരുന്നു ഇബ്‌നു ഹജമിന്റെ പതിവ്. അദ്ദേഹം പറയുന്നു: 'അപ്പോള്‍ എന്റെ ഹൃദയം ത്രസിക്കും'. അല്‍ഖാനൂന്‍ ഫിത്തിബ്ബ് എന്ന വൈദ്യശാസ്ത്ര അടിസ്ഥാനഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ഇബ്‌നുസീനാ ഒരു രാത്രിയും തികച്ച് ഉറങ്ങുമായിരുന്നില്ല. പകലും രാത്രിയും വായന.

മഹാന്‍മാരായ പല നേതാക്കളുടെയും ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് വായനയാണ്. അബ്രഹാംലിങ്കന് ഒമ്പത് വയസ്സായപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. അപ്പോള്‍ അബ്രഹാമിന് സമ്മാനമായി ലഭിച്ച മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹത്തിന് ഉന്നതിയിലേക്ക് വഴികാണിച്ചുകൊടുത്തത്. ദിവസത്തില്‍ 17 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മിക്ക സമയവും വായനയിലാണ് കഴിച്ചുകൂട്ടിയിരുന്നത്. 'എനിക്ക് പുസ്തകങ്ങളില്ലാതെ ജീവിക്കാന്‍തന്നെ കഴിയില്ല' - തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞു. ഇബ്‌നുല്‍ ജൗസീ പറയുന്നു: 'ഒരു പുതിയ പുസ്തകം എന്റെ കണ്ണില്‍പെട്ടാല്‍ ഒരു നിധി കിട്ടിയപോലെയാണ് എനിക്ക്'. ഒരു ഗ്രന്ഥമാണത്രെ മഹാത്മാഗാന്ധിയില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്.

ഈ മഹാന്‍മാരെയെല്ലാം വായനയില്‍ ഇത്രമാത്രം താല്‍പര്യമുള്ളവരാക്കിയ വസ്തുതയെന്ത്? വിജ്ഞാന തൃഷ്ണതന്നെ. വിജ്ഞാനദാഹം ഒരു ലഹരിയാണ്. അത് തലക്കുപിടിച്ചാല്‍ പിന്നെ മനുഷ്യന്‍ മറ്റെല്ലാം മറക്കുന്നു. കാരണം അതിന്റെ മാധുര്യം അത്ര കടുപ്പമേറിയതാണ്. വിവാഹംതന്നെ കഴിക്കാതെ സ്വന്തത്തെ വിജ്ഞാനത്തിന് സമര്‍പ്പിച്ച ചില പണ്ഡിതന്‍മാരുണ്ട്.

ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പഠനത്തിന് ഭംഗം വരാതിരിക്കാന്‍വേണ്ടി വിവാഹം 40ാം വയസ്സുവരെ നീട്ടിക്കൊണ്ടുപോയി. ധനം സമ്പാദിക്കാന്‍ വേണ്ടി മനുഷ്യന്‍ എന്തെല്ലാം ക്ലേശങ്ങള്‍ സഹിക്കുന്നു. എന്നാല്‍ വിദ്യാധനത്തിന് മറ്റെന്തിനേക്കാള്‍ കൂടുതല്‍ വില കല്‍പിക്കുന്നവരുടെ അവസ്ഥയും ഇതുതന്നെ. അറിവിന്റെ ഒരു ശകലത്തിനുവേണ്ടി മൈലുകള്‍ താണ്ടുന്നവരും പൂര്‍വീകരിലുണ്ടായിരുന്നു.

ഡിഗ്രിയോ സര്‍ട്ടിഫിക്കറ്റോ ഉദ്യോഗമോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. അറിവ് നേടുക എന്നതുമാത്രം. അവരുടെ മനസ്സില്‍ അറിവിന്റെ സ്ഥാനം അറബികവി പാടിയതുപോലെയായിരുന്നു:
'നീതന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവസാനവും
ഉണരുമ്പോള്‍ ആദ്യവും
എന്റെ മനസില്‍'

ഒമ്പത് നൂറ്റാണ്ടുമുമ്പ് വിരചിതമായ 'ഫൈളുല്‍ ഖാത്വിര്‍' എന്ന അറബി ഗ്രന്ഥം വിജ്ഞാന സമ്പാദനത്തെപറ്റി പറയുന്നതിങ്ങനെ: 'കൂടുതല്‍ അറിവ് നേടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യം. കുറച്ചുമാത്രം അറിവ് കരസ്ഥമാക്കുകയും എന്നാല്‍ താന്‍ അറിവ് തികഞ്ഞവനാണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്നവന്‍ പിന്നെ കൂടുതല്‍ ഒന്നും പഠിക്കുകയില്ല; വായിക്കുകയുമില്ല'.

അറിവ് വര്‍ധിക്കുമ്പോഴാണ് അറിവിന്റെ പാരാവാരത്തില്‍നിന്ന് ഒരുതുള്ളി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് മനുഷ്യന് ബോധ്യമാവുക. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചത്: 'നിങ്ങള്‍ക്ക് അല്‍പം മാത്രമേ അറിവ് നല്‍കപ്പെട്ടിട്ടുള്ളൂ' ശാസ്ത്ര - വിജ്ഞാനങ്ങളുടെ വളര്‍ച്ച അറിവിന്റെ പൂര്‍ത്തീകരണത്തിലേക്കല്ല മനുഷ്യനെ നയിക്കുന്നത്.

മറിച്ച് അജ്ഞതയുടെ ആഴവും പരപ്പുമാണ് അത് മനുഷ്യന് കാണിച്ചുകൊടുക്കുന്നത്. ഖുര്‍ആന്‍ ഉള്ളില്‍തട്ടി ആശയ ഗ്രാഹ്യതയോടെ പാരായണം ചെയ്യുമ്പോള്‍ വായിച്ചും പഠിച്ചും കൂടുതല്‍ അറിവ് നേടാനുള്ള ഉള്‍പ്രേരണയും ബോധവുമുണ്ടാകുന്നു.

വായന ഭക്ഷണംപോലെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായിത്തീരട്ടെ.

കുഞ്ഞുണ്ണിമാസ്റ്ററുടെ ഈ വരികളിലെ ദാര്‍ശനികത എത്ര ഉദാത്തം!
'വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും.'
 (പ്രിയ ഗുരുനാഥൻ ചന്ദ്രികയിൽ എഴുതിയ ലേഖനം)
റഹ് മാൻ  യാ റഹ് മാൻ

2013, മാർച്ച് 3, ഞായറാഴ്‌ച

ഇന്‍ഡിഗോ എയര്‍ ലൈന്‍സ്


ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ തിരുവനന്തപുരം ദുബൈ പ്രതി ദിന സര്‍വീസ് ഇന്നലെ തിരുവനന്ത പുരത്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ദുബൈ സര്‍വീസും താമസിയാതെ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡണ്ട്‌ ആദിത്യ ഘോഷ് അറിയിച്ചു,


പുതുതായികൂടുതല്‍ ഇന്‍റെര്‍നാഷണല്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം  അഭ്യന്തര സര്‍വീസുകളും ആരംഭിക്കുന്നു, കോഴിക്കോട് -തിരുവനന്തപുരം സര്‍വീസിനും പദ്ധതിയുണ്ട്.
തിരുവനന്തപുരം ദുബൈ മടക്ക യാത്രാ നിരക്ക് 11699 രൂപയാണ് ഇന്‍ഡിഗോ ഓഫര്‍. കൂടുതല്‍ കമ്പനികള്‍ കടന്നു വരുന്നതോടെ യാത്രാ നിരക്കില്‍ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. 


2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ആരും അന്യരല്ല


മലയാളമണ്ണും പിന്നിലല്ല
മാധ്യമമെല്ലാം നിരത്തിടുന്നു
മകളും മരുമകളും നാരി മാത്രം
മായ്ക്കുന്നു  പാവന സദാചാരം

ബാല്യത്തില്‍ എന്നും മുത്തമിട്ടു 
ബാലികയാണെന്ന ലാളനയില്‍
ബാല്യവും പോയി  കൌമാരമായ്
ബാല്യകാല മിത്രം യൗവനത്തില്‍

പ്രായമേറുമ്പോള്‍ പക്വമാകാം
'പ്രണയിനി' നിനക്ക് സുരക്ഷയുണ്ടോ
പ്രാണന് തുല്യമെന്നൊക്കെ യുള്ള
പ്രയോഗങ്ങള്‍ മാത്രം ബാക്കിയാകും 

സൌഹൃദം എന്നും സാഹോദര്യമായ്
സന്‍മനസോടെ  സഹകരിക്കാം
സൌഹൃദം കാട്ടുന്ന ആണ്‍കൂട്ടിനെ
സന്തോഷമായ് നിര്‍ത്തൂ മെയ്യകലെ

അമ്മാവന്‍ അച്ഛന്‍ ആങ്ങളയെ
അന്യരെന്ന് ആരും അകറ്റുകില്ല
അമിത വാത്സല്യം നടിച്ചിരുന്നോര്‍
ആഴത്തില്‍ ഏല്‍പിച്ച മുറിവ് മാത്രം


ആദ്യമായ് അമ്മയില്ലാത്ത രാവ്
അച്ഛനും അന്നെങ്ങോ   അകലെയാണ്
അന്നെന്‍റെ അമ്മാവന്‍ കൂട്ടിനുണ്ട്
അറിയാതെ ഞെട്ടിഞാന്‍ നോവിനാലെ

അത്താഴം പാനീയം മാത്രമായ 
അച്ഛനോടെല്ലാം പറഞ്ഞിരുന്നു
അച്ഛന്‍റെ ചാരെ നിര്‍ഭയത്താല്‍,
അന്നുവീണ്ടും ഞെട്ടി നൊമ്പരത്താല്‍

എല്ലാം അറിഞ്ഞോരെന്‍സഹജന്‍
എന്‍റെ ആശ്വാസമായിക്കരുതി
ഏറെ പ്രതീക്ഷയോടന്നുറങ്ങി  
എന്നിട്ടുംഅന്നുമാ നോവുബാക്കി 

ആത്മാഭിമാനം പണയത്തിലായ്
ആര്‍ക്കായി ഞാനിനി ഭൂമുഖത്ത്
ആരെന്‍റെ മാനം കാത്തിടുമീ
ആലയം പോലെ അകത്തളവും.
mazhavillu.com ഓണ്‍ലൈന്‍ മാഗസിന്‍ കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

പ്രണയ സമ്മാനം


http://youtu.be/HGx7q4O6w2w


പ്രണയം തുളുമ്പുന്ന
പ്രണയം വിളമ്പുന്ന
പ്രണയം നടിക്കുന്ന
പ്രണയ ദിനം

പ്രണയിനിക്കി ന്നൊരു
സമ്മാനം നല്‍കണം
എന്നുമോര്‍ക്കാനൊരു
'കുഞ്ഞു' ഗിഫ്റ്റ്

 http://www.indiavisiontv.com/2013/02/14/168170.html

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

ആദര്‍ശ നേതാവ്
ആദര്‍ശമാണ് ഈ സൗമ്യന്‍റെ  സന്ദേശം
ആദ്യമായ് നാടിന്‍ വികസനത്തിന്നായി
ആദരവോടെ ജനം കണ്ട നേതാവ്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചിടുന്നു

മന്ത്രിക്കസേരയോ മറ്റൊരു ജില്ലയോ
മനമൊന്നു പോലും ആശങ്കയില്ലാതെ
മതി എന്‍റെ  നാടിന്നുജില്ലാ പദവി
മലയോര ജില്ലക്ക് യത്നിച്ച സാരഥി

കേവല തുടക്കത്തിന്നായ് ഒരുമുന്നണി
പിന്നെ ജനങ്ങള്‍ക്കൊപ്പം സ്വതന്ത്രനായ്
നാടിന്‍റെ നന്മക്കു  മാത്രമായ്
പിന്നെയും മുന്നണി മാറി പരീക്ഷിച്ചുപാര്‍ട്ടിക്ക് അതീതനായ്  പത്തനംതിട്ടക്കായ്‌
പലവട്ടം നിയമസഭയിലെ പ്രതിനിധി
ആദരവോടെ ജനം കണ്ട നേതാവ്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചിടുന്നു

http://www.madhyamam.com/news/212449/130208

2013, ജനുവരി 24, വ്യാഴാഴ്‌ച

പ്രവാചക സ്നേഹംഇസ്ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് ഉള്ളത്. ഈദുല്‍ ഫിതറും ഈദുല്‍ ആസ്ഹയും ഇത് രണ്ടും പ്രാര്‍ഥനാ നിര്‍ഭരമാണ്. അതിലൊന്നും തെരുവിലിറങ്ങി പ്രകടനം നടനടത്താറില്ല.പ്രവാചകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ഇസ്ലാമില്‍ തെളിവുകളൊന്നുമില്ല. പ്രവാചകനെ പിന്‍പറ്റി കൊണ്ടാകണം അദ്ദേഹത്തോടുള്ള ആദരവു പ്രകടമാക്കാന്‍. ഇസ്ലാമിസ്റ്റെന്ന പേരില്‍ അഭിമാനംകൊള്ളാന്‍വേണ്ടി  മാത്രം ചിലര്‍ നടത്തുന്ന കാട്ടികൂട്ടലുകലാണ് ആഘോഷ പ്രകടനങ്ങള്‍ മതാചാരങ്ങളും അനുഷ്ടാനങ്ങളും നന്നായി മനസ്സിലാക്കാത്ത സാധാരണ ജനം വളരെ ഭക്തിയോടെ ഇതിലും അണിചേരുന്നു എന്നതാണ് യാഥാര്‍ദ്ധ്യം. ഈ നബിദിന ആഘോഷത്തെ എതിര്‍ക്കുന്നത് അന്ത്യ പ്രവാചകനോടുള്ള അനാദരവാകും എന്ന് പലരും കരുതുന്നതാണ് ഇതിനു ശക്തിപകരുന്ന കാരണങ്ങളില്‍ ഒന്ന്.
ചന്ദ്രികയില്‍ നബിയോട് ആദരവു പ്രകടിപ്പിക്കുന്ന വളരെ നല്ലൊരു ലേഖനം ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതി ആഘോഷം എന്നനിലയിലുള്ള ഒരു പരാമര്‍ശവും അതില്‍ സൂചിപ്പിക്കുന്നില്ല എന്നത്    പ്രസ്താവ്യമാണ്.

'പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ചൂണ്ടിക്കാണിക്കുന്ന പാതയിലൂടെ മുന്നേറിയാല്‍ ലോകത്തെ സര്‍വ തിന്മകളും മനുഷ്യത്വ വിരുദ്ധമായ ചെയ്തികളും അവസാനിക്കും. അതിന് തൗഹീദിന്റെ വെളിച്ചം മനസ്സിലുണ്ടാവണം.'
പ്രവാചകന്‍ ജനിച്ച മണ്ണില്‍ (മക്കയും മദീനയും ഉള്‍കൊള്ളുന്ന സൗദി അറേബ്യയില്‍) ആഘോഷം പോയിട്ട് ഇതൊരു അവധി ദിനം കൂടി അല്ല എന്നതാണ് വസ്ഥുത
മുഹമ്മദു നബി (സല്ലല്ലാഹു അലൈഹിവസല്ലം) വാള് കൊണ്ട് മതം പ്രചരിപ്പിച്ചു  എന്നതൊക്കെ ഇസ്ലാമിന്റെ ശത്രുക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശങ്ങള്‍ മാത്രമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകലായിരുന്നു അത്.   വാളും പരിചയുമൊക്കെ യുദ്ധോപകരണങ്ങള്‍ ആണ്, അവയുടെ ഉപയോഗവും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെപ്പോലെ സ്വന്തം യുദ്ധസാമഗ്രിഹകള്‍ വിറ്റുപോകാന്‍ വേണ്ടി ആയിരുന്നില്ല ഏറ്റുമുട്ടലുകള്‍. സത്യാ അസത്യങ്ങളെ വേര്‍തിരിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകലായിരുന്നു അത്. 

റസൂലുള്ളയുടെ സുന്നത്തുകളെ അതേപടി ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ആയുസുള്ളി ടത്തോളംകാലംനില നിര്‍ത്താന്‍ നമുക്ക് സാധിക്കണം. മതനിഷ്ഠയില്ലാതെ, വാര്‍ഷിക ദിനത്തില്‍ മുഷ്ടി ചുരുട്ടി ശക്തി പ്രകടനം കഴ്ചവെക്കുന്നതല്ല ഇസ്ലാം നല്‍കുന്ന പാഠം.

 ഫോട്ടോ :പരിശുദ്ധ ഹറം - എ ജെ ഫാറൂഖി .

2013, ജനുവരി 22, ചൊവ്വാഴ്ച

വിശ്രാന്തി ദിനംബോസിന്‍റെ നല്ലനേരം നോക്കിയാണ് അബൂട്ടി ഓഫീസിലേക്ക് കടന്നു ചെല്ലുന്നത്. പതിവ് സുപ്രഭാതം പറയുന്നതിനേക്കാള്‍ ഉപരി അല്‍പനേരം അവിടെയിരുന്ന് പുതിയ പദ്ധതികളെപ്പറ്റിയൊക്കെ സംസാരിച്ചു. ഇന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇതാ ഇപ്പൊ തന്നെ തുടങ്ങുന്നു എന്നുപറഞ്ഞ് അദ്ധേഹത്തെ അങ്ങ് സന്തോഷിപ്പിച്ചു.
അപ്പോഴെല്ലാം മനസ്സില്‍ തികട്ടുന്നത് നാട്ടിലെ കല്യാണം കൂടാനുള്ള വ്യാമോഹം ആയിരുന്നു. പ്രവാസി ഇതൊക്കെ കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്നത് പ്രകാശം പരത്തുന്ന പിച്ചര്‍ ടൂബിലൂടെയാണല്ലോ. അപ്പോഴാണ് നാട്ടില്‍നിന്നൊരു മിസ്സ്‌ കോള്‍, അസ്മാബി വിളിക്കുകയാണ്‌ എന്നാണ് വരുന്നതെന്നറിയാന്‍.

മൊബൈലില്‍ നോക്കികൊണ്ടുതന്നെ അവധിയെത്തിയ വിവരം ബോസിനെ അറിയിച്ചു. തുളുമ്പിനിന്ന സന്തോഷത്തിന്റെ മുഖം മാറി ഗൌരവത്തോടെ അദ്ദേഹം പറഞ്ഞു. താന്‍ പോയാല്‍ ആരാടോ ഈ പ്രൊജെക്റ്റ്കളൊക്കെ തീര്‍ക്കുന്നത്. 'എടോ  തന്നെപറ്റി ജി എമ്മിന് വളരെ നല്ല അഭിപ്രായമാണ്   അതുകൊണ്ടിപ്പോള്‍ അവധി തരാനൊന്നും പറ്റില്ല.
ഓകെ സര്‍ എന്നുപറഞ്ഞു പുറത്തുകടക്കുമ്പോള്‍ വെറുതെ വിചാരിച്ചു, താനില്ലെങ്കില്‍ ഇവിടെ എന്തെല്ലാം പദ്ധതികളാണ് മുടങ്ങുക.
ശമ്പള വര്‍ധനവിന് അപേക്ഷിച്ചപ്പോള്‍ 'തന്നെപറ്റി ജി എമ്മിന് അത്ര നല്ല അഭിപ്രായമില്ല' എന്ന് പറഞ്ഞത് വെറുതെ ആയിരുന്നോ!!!
മടങ്ങിവന്ന് കീബോര്‍ഡില്‍ വിരലമര്‍ത്തി മോണിട്ടറില്‍ കണ്ണുംനട്ട് പതിവ് പണികള്‍ തുടര്‍ന്നപ്പോഴും അസ്മാബിയുടെ മിസ്സ്കോള്‍ അബൂട്ടിയെ അലോരസപ്പെടുത്തുന്നുണ്ടായിരുന്നു.