2013, മാർച്ച് 29, വെള്ളിയാഴ്‌ച

വായനയുടെ മധുരാനുഭൂതി

വായനയുടെ മധുരാനുഭൂതി
- പി. മുഹമ്മദ് കുട്ടശ്ശേരി  

Posted On: 4/4/2013 11:54:03 PM
വായനപോലെ മനസില്‍ ഇത്ര മധുരാനുഭൂതി പകരുന്ന മറ്റെന്തുണ്ട് ഈ ലോകത്ത്. പുതിയ അറിവുകളും ചിന്തകളും ഒഴുകിയെത്തുമ്പോള്‍, ഉദാത്ത വികാരങ്ങള്‍ തൊട്ടുണര്‍ത്തപ്പെടുമ്പോള്‍ ഉള്ളില്‍ ഓളംവെട്ടുന്ന ആഹ്ലാദം അവര്‍ണനീയംതന്നെ.

അറിവ് നേടാന്‍ അതിനൂതനമായ മാര്‍ഗങ്ങള്‍ പലതും ശാസ്ത്രം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും പരമ്പരാഗത മാധ്യമമായ വായന ഇന്നും അതേ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. 6236 സൂക്തങ്ങളുള്ള വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനില്‍ അവതരണ ക്രമത്തിലുള്ള ആദ്യത്തെ സൂക്തം 'ദൈവ നാമത്തില്‍ വായിക്കുക' എന്നതാണ്.

വായനയുടെ സുഖത്തെപറ്റി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ സിസറോ പറഞ്ഞതിങ്ങനെയാണ്: മറ്റ് പ്രവൃത്തികള്‍ ഏത് സമയത്തും ഏതുകാലത്തും ചെയ്യാന്‍പറ്റി എന്നുവരില്ല.

എന്നാല്‍ വായനയുടെ അവസ്ഥ അങ്ങനെയല്ല. അത് ചെറുപ്പകാലത്ത് നമ്മുടെ മനസ്സിന് പോഷണം നല്‍കുന്നു. വാര്‍ധക്യത്തില്‍ സംതൃപ്തിയും. സമ്പത്തും സമൃദ്ധിയുമുള്ള കാലത്ത് അത് ഭൂഷണമായിത്തീരും. ആപത്തുകാലത്ത് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. അത് രാത്രിയിലും യാത്രയിലും എവിടെയും എപ്പോഴും നമുക്ക് ചങ്ങാതിയാണ്.

സുപ്രസിദ്ധ അറബി സാഹിത്യകാരനും പണ്ഡിതനുമായ ജാഹിസ് പുസ്തകത്തെയും വായനയെയും സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. 'പുസ്തകം നിന്നെ പുകഴ്ത്തിപ്പറയാത്ത ചങ്ങാതിയും നിന്നെ മുഷിപ്പിക്കാത്ത സഹയാത്രികനും നിന്നോട് കുതന്ത്രം കാണിക്കാത്ത കൂട്ടുകാരനുമാണ്.

രാത്രിയും പകലും നാട്ടിലും പുറംദേശത്തും അത് നിന്നെ അനുസരിക്കും. നീ വിജ്ഞാനം തേടുമ്പോള്‍ ഒരു ചതിയും കാണിക്കാതെ നിനക്ക് അത് പകര്‍ന്നുതരും. നീ ഒരു പുസ്തകം വായിച്ചു വലിച്ചെറിഞ്ഞാലും അത് അതിന്റെ ഫലം നിനക്ക് നല്‍കിക്കൊണ്ടേയിരിക്കും. നീ ഏകാന്തതയില്‍ മുഴുകിക്കഴിയുമ്പോള്‍ നിന്റെ വിരസതയകറ്റുന്ന സുഹൃത്താണ് പുസ്തകം.'

ഒഴിവ് സമയം ചെലവഴിക്കാനുളള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗമാണ് വായന. വീണുകിട്ടുന്ന സമയം ഒരു നിമിഷവും പാഴാക്കാതെ വായനക്ക് വിനിയോഗിക്കുന്ന എത്ര മനുഷ്യരുണ്ട്. ഹസന്‍ ലുഅ്‌ലുഅ് പറയുന്നു: 'ഞാന്‍ പകല്‍ വിശ്രമിക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ചാരിക്കിടക്കുമ്പോഴുമെല്ലാം എന്റെ നെഞ്ചില്‍ പുസ്തകമുണ്ടായിരിക്കും.' അസമയത്ത് ഉറക്കം വന്നാല്‍ തത്വചിന്താപരമായ പുസ്തകം വായിക്കുകയായിരുന്നു ഇബ്‌നു ഹജമിന്റെ പതിവ്. അദ്ദേഹം പറയുന്നു: 'അപ്പോള്‍ എന്റെ ഹൃദയം ത്രസിക്കും'. അല്‍ഖാനൂന്‍ ഫിത്തിബ്ബ് എന്ന വൈദ്യശാസ്ത്ര അടിസ്ഥാനഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ഇബ്‌നുസീനാ ഒരു രാത്രിയും തികച്ച് ഉറങ്ങുമായിരുന്നില്ല. പകലും രാത്രിയും വായന.

മഹാന്‍മാരായ പല നേതാക്കളുടെയും ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് വായനയാണ്. അബ്രഹാംലിങ്കന് ഒമ്പത് വയസ്സായപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. അപ്പോള്‍ അബ്രഹാമിന് സമ്മാനമായി ലഭിച്ച മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹത്തിന് ഉന്നതിയിലേക്ക് വഴികാണിച്ചുകൊടുത്തത്. ദിവസത്തില്‍ 17 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മിക്ക സമയവും വായനയിലാണ് കഴിച്ചുകൂട്ടിയിരുന്നത്. 'എനിക്ക് പുസ്തകങ്ങളില്ലാതെ ജീവിക്കാന്‍തന്നെ കഴിയില്ല' - തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞു. ഇബ്‌നുല്‍ ജൗസീ പറയുന്നു: 'ഒരു പുതിയ പുസ്തകം എന്റെ കണ്ണില്‍പെട്ടാല്‍ ഒരു നിധി കിട്ടിയപോലെയാണ് എനിക്ക്'. ഒരു ഗ്രന്ഥമാണത്രെ മഹാത്മാഗാന്ധിയില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്.

ഈ മഹാന്‍മാരെയെല്ലാം വായനയില്‍ ഇത്രമാത്രം താല്‍പര്യമുള്ളവരാക്കിയ വസ്തുതയെന്ത്? വിജ്ഞാന തൃഷ്ണതന്നെ. വിജ്ഞാനദാഹം ഒരു ലഹരിയാണ്. അത് തലക്കുപിടിച്ചാല്‍ പിന്നെ മനുഷ്യന്‍ മറ്റെല്ലാം മറക്കുന്നു. കാരണം അതിന്റെ മാധുര്യം അത്ര കടുപ്പമേറിയതാണ്. വിവാഹംതന്നെ കഴിക്കാതെ സ്വന്തത്തെ വിജ്ഞാനത്തിന് സമര്‍പ്പിച്ച ചില പണ്ഡിതന്‍മാരുണ്ട്.

ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പഠനത്തിന് ഭംഗം വരാതിരിക്കാന്‍വേണ്ടി വിവാഹം 40ാം വയസ്സുവരെ നീട്ടിക്കൊണ്ടുപോയി. ധനം സമ്പാദിക്കാന്‍ വേണ്ടി മനുഷ്യന്‍ എന്തെല്ലാം ക്ലേശങ്ങള്‍ സഹിക്കുന്നു. എന്നാല്‍ വിദ്യാധനത്തിന് മറ്റെന്തിനേക്കാള്‍ കൂടുതല്‍ വില കല്‍പിക്കുന്നവരുടെ അവസ്ഥയും ഇതുതന്നെ. അറിവിന്റെ ഒരു ശകലത്തിനുവേണ്ടി മൈലുകള്‍ താണ്ടുന്നവരും പൂര്‍വീകരിലുണ്ടായിരുന്നു.

ഡിഗ്രിയോ സര്‍ട്ടിഫിക്കറ്റോ ഉദ്യോഗമോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. അറിവ് നേടുക എന്നതുമാത്രം. അവരുടെ മനസ്സില്‍ അറിവിന്റെ സ്ഥാനം അറബികവി പാടിയതുപോലെയായിരുന്നു:
'നീതന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവസാനവും
ഉണരുമ്പോള്‍ ആദ്യവും
എന്റെ മനസില്‍'

ഒമ്പത് നൂറ്റാണ്ടുമുമ്പ് വിരചിതമായ 'ഫൈളുല്‍ ഖാത്വിര്‍' എന്ന അറബി ഗ്രന്ഥം വിജ്ഞാന സമ്പാദനത്തെപറ്റി പറയുന്നതിങ്ങനെ: 'കൂടുതല്‍ അറിവ് നേടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യം. കുറച്ചുമാത്രം അറിവ് കരസ്ഥമാക്കുകയും എന്നാല്‍ താന്‍ അറിവ് തികഞ്ഞവനാണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്നവന്‍ പിന്നെ കൂടുതല്‍ ഒന്നും പഠിക്കുകയില്ല; വായിക്കുകയുമില്ല'.

അറിവ് വര്‍ധിക്കുമ്പോഴാണ് അറിവിന്റെ പാരാവാരത്തില്‍നിന്ന് ഒരുതുള്ളി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് മനുഷ്യന് ബോധ്യമാവുക. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചത്: 'നിങ്ങള്‍ക്ക് അല്‍പം മാത്രമേ അറിവ് നല്‍കപ്പെട്ടിട്ടുള്ളൂ' ശാസ്ത്ര - വിജ്ഞാനങ്ങളുടെ വളര്‍ച്ച അറിവിന്റെ പൂര്‍ത്തീകരണത്തിലേക്കല്ല മനുഷ്യനെ നയിക്കുന്നത്.

മറിച്ച് അജ്ഞതയുടെ ആഴവും പരപ്പുമാണ് അത് മനുഷ്യന് കാണിച്ചുകൊടുക്കുന്നത്. ഖുര്‍ആന്‍ ഉള്ളില്‍തട്ടി ആശയ ഗ്രാഹ്യതയോടെ പാരായണം ചെയ്യുമ്പോള്‍ വായിച്ചും പഠിച്ചും കൂടുതല്‍ അറിവ് നേടാനുള്ള ഉള്‍പ്രേരണയും ബോധവുമുണ്ടാകുന്നു.

വായന ഭക്ഷണംപോലെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായിത്തീരട്ടെ.

കുഞ്ഞുണ്ണിമാസ്റ്ററുടെ ഈ വരികളിലെ ദാര്‍ശനികത എത്ര ഉദാത്തം!
'വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും.'
 (പ്രിയ ഗുരുനാഥൻ ചന്ദ്രികയിൽ എഴുതിയ ലേഖനം)
റഹ് മാൻ  യാ റഹ് മാൻ

7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കനപ്പെട്ട ലേഖനം
ഷെയര്‍ ചെയ്തതിന് താങ്ക്സ്

Abduljaleel (A J Farooqi) പറഞ്ഞു...

വായന ജീവിക്കട്ടെ, എന്ന് പറയുമ്പോൾ പുതു തലമുറയിൽ ഈ ശീലം വളർത്തിയെടുക്കാൻ നമുക്ക് പ്രോത്സാഹനം നല്കാം. നന്ദി അജിത്തേട്ടാ.

aboothi:അബൂതി പറഞ്ഞു...

ഇഖ്റഹ് ബിസ്മി റബിക്ക അല്ലദീ ഖലഖ്

വായിക്കുക.. വായിച്ചു വായിച്ചു വളരുക
ഈ പോസ്റ്റിനു ഒരായിരം അഭിനന്ദനങ്ങൾ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അതേ...വിശുദ്ധ ഖുര്‍‌ആന്‍ അവതരണം തുടങ്ങിയത് തന്നെ വായിക്കുക എന്ന ആഹ്വാനത്തോടെ ആയിരുന്നല്ലോ.

മിനി പി സി പറഞ്ഞു...

നല്ലൊരു സന്ദേശം നല്‍കുന്ന പോസ്റ്റ്‌ അഭിനന്ദനങ്ങള്‍ !

Abduljaleel (A J Farooqi) പറഞ്ഞു...

വായനയുടെ മധുരാനുഭൂതി നുകർന്നവർക്ക് ഹൃദ്യമായ നന്ദി അറിയിക്കട്ടെ.

kochumol(കുങ്കുമം) പറഞ്ഞു...

വായനയുടെ മധുരാനുഭൂതി !
നല്ല ലേഖനം..
അഭിനന്ദനങ്ങള്‍