2010, നവംബർ 26, വെള്ളിയാഴ്‌ച

പൊങ്ങി വന്ന മീസാന്‍ കല്ലുകള്‍.

കേരളമിപ്പോള്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലാണ്. മണ്ഡലകാലത്തെ മഞ്ഞു മൂടിയ പ്രഭാതങ്ങള്‍ക്ക് പിന്നാലെ പ്രശാന്തമായ പകലിനു പകരം ഇരുണ്ടു കൂടുന്ന കാര്‍മേഘങ്ങ ളാണ് ആകാശത്ത്  പടരുന്നത്. ഇവയെല്ലാം പെയ്തിറങ്ങുമ്പോള്‍ തോടുകളും നദികളുമൊക്കെ കരകവിഞ്ഞ് ഒഴുകുന്നു.താഴ്ന്ന പ്രദേശങ്ങളിലെ റോഡു കളിലൊക്കെ തോണിയിറക്കാന്‍ പറ്റുന്ന അവസ്ഥ. തുടര്‍ച്ചയായ മഴ കൊണ്ട് ഭൂമി കുളിര്‍ക്കുന്നതോടൊപ്പം ചിലയിടങ്ങളില്‍  മണ്ണ് ഇടിയുന്നു, ശക്തമായ നീരൊഴുക്കില്‍ പുതിയ തോടുകള്‍ രൂപാന്തരപ്പെടുന്നു. ഈ മഴയിലൂടെ ഒരു യാത്ര.
ഇ.വി. കൃഷ്ണപിള്ളയുടെ വരികളിലൂടെ നമുക്ക് പരിചയപ്പെടുത്തിയ(അദ്ധേഹത്തിന്റെ കുട്ടിക്കാലത് ഏറെ സ്വാധീനം ഉണ്ടാക്കിയ) ആ പുളിമരം പോലും  കടപുഴകി.
ഈ മണ്ണ് ഇളക്കത്തില്‍ മുമ്പ് അടിപ്പെട്ടുപോയ പലതും തെളിഞ്ഞു വരാം ശക്തമായ വെള്ളമോഴുക്കില്‍ ഇതൊക്കെ സ്വാഭാവികമാണല്ലോ.
ഇനി ഞാന്‍ നിങ്ങളെ കൊച്ചുണ്ണിയുടെ നാട്ടിലേക്ക് ക്ഷണിക്കുകയാണ്.സാക്ഷാല്‍ കായംകുളം കൊച്ചുണ്ണി.
ഈ അടുത്ത നാളുകളില്‍ അവിടെയും ചില കല്ലുകളൊക്കെ തെളിഞ്ഞു വന്നിട്ടുണ്ട്.
കാട് തെളിച്ച പണിക്കാരാണ് ആദ്യം കണ്ടത്. മുഹിയദ്ദീന്‍ പള്ളിയിലെ കബര്‍ സ്ഥാനിലാണ്
ഈ സംഗതി എന്നത് ആത്മീയ പരിവേഷത്തിന് മാറ്റ് കൂട്ടി.
റംസാനില്‍ പള്ളിയും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെ ഭാഗമായ കാടുവെട്ടല്‍, പള്ളിക്ക് സമീപമുള്ള കബറിടങ്ങള്‍ കാട് കയറി ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുക പതിവാണല്ലോ.വര്‍ഷത്തില്‍ ഒരു തവണയാകും തെളിച്ചു വൃത്തിയാക്കല്‍. ഈ ഒരു വര്‍ഷത്തിനിടയില്‍ അവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുന്നതും അപ്പോളാണല്ലോ!
എന്തായാലും രണ്ടു മൂന്നു കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് പണിക്കാര്‍ കണ്ടു. അന്ന് തന്നെ പള്ളിയിലുള്ളവരെ അറിയിക്കുകയും ചെയ്തു. വ്രതശുദ്ധിക്ക് കുറവാകേണ്ട എന്ന് കരുതിയോ, മറ്റെന്തിനോ എന്തായാലും അന്നത് ആരും പുറത്തു പറഞ്ഞില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
മുഹിയദ്ദീന്‍ പള്ളിയിലേക്ക് ആളുകളുടെ നീണ്ട നിര. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പോലിസ്
ഇടപെടേണ്ടി വന്നു. പള്ളിയില്‍ ഖബര്‍ പൊന്തിവന്നു എന്നാണ് സംസാരം ഏതോ ശൈകന്മാരുടെതാണ് ! ദിവ്യന്മാരുടെതാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കപെട്ടു! ദിവ്യത്വം കേട്ടാല്‍ ആള് കൂടുക സ്വാഭാവികമല്ലേ!
മുമ്പ് കാലങ്ങളില്‍ മയ്യത്ത് മറവു ചെയ്തു കഴിഞ്ഞാല്‍ കല്ലുകള്‍ അടയാളം വെക്കുക പതിവായിരുന്നു.
ഇന്ന് ഈ പള്ളിയില്‍ പോലും ഇത് പതിവില്ല.(മരിച്ച ആളുടെ പേരും വീട്ടുപെരുമൊക്കെ കൊത്തിവച്ച  ഈ കല്ലിനാണ് മീസാന്‍ കല്ല്‌ എന്ന് പേര് പറയുന്നത്.)
വളരെയേറെ വര്‍ഷങ്ങള്‍ മുമ്പ് പാകിസ്ഥാനിലെ കച്ച് എന്ന പ്രദേശത്തുനിന്നു കേരളത്തില്‍ കുടിയേറിയ കച്ച് മേമന്‍ എന്നറിയപ്പെടുന്ന സേട്ട് മാര്‍ നിര്‍മിച്ചതാണ് ഈ പള്ളി. പഴയകാല കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന സ്വലിഹ് സെട്ടിന്റെയും മറ്റും മുന്‍ഗാമികള്‍ .
മുന്നൂറോളം കൊല്ലം പഴക്കമുള്ള മീസാന്‍ കല്ലില്‍ ഉര്‍ദുവിലോ, അറബിയിലോ മറ്റോ പേര് വിവരങ്ങളും രേഖ പെടുത്തി വെച്ചിരിക്കുന്നു എന്നതാണ് ഇവിടെ ദിവ്യത്വം ദര്‍ശിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.
ഈ മൂന്നില്‍ ഒരാളെപ്പറ്റി തിരിച്ചറിഞ്ഞതിനാല്‍ അദ്ധേഹത്തിന്റെ കുടുംബക്കാരും രംഗത്ത് വന്നു.യഥാര്‍ത്ഥത്തില്‍ ഈ മുന്‍ഗാമികളില്‍  നിന്നും നാട്ടുകാര്‍ ഏറ്റെടുത്ത്‌ നടത്തി പോന്നതാണ് ഈ പള്ളി. ഇവിടെ മരണപ്പെട്ട സാധാരണക്കാരുടെ ഖബര്‍ ആണ് ഇതെന്നത് വ്യക്തമാണ്. ഇപ്പോള്‍ ഇവിടം ദിവ്യത്വം കല്പിച്ചു മറച്ചുകെട്ടി വച്ചിരിക്കുന്നു. മുന്‍ കഴിഞ്ഞുപോയ മഹത്തുക്കളാണ്  അത് വെറുതെ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ഒരുപക്ഷം. ഇത് സാധാരണക്കാരുടെ ഖബര്‍ ആണെന്ന് മറുപക്ഷവും പള്ളി കമ്മറ്റിയില്‍  പോലും അഭിപ്രായ വ്യത്യാസങ്ങള്‍ !!
"നിങ്ങള്‍  വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പറയും" എന്നും പറഞ്ഞു ചാനലും ഇത് വാര്‍ത്തയാക്കി. യാഥാസ്ഥിതികര്‍ക്ക് അത് പോരെ ആളെ കൂട്ടാന്‍ പബ്ലിസിറ്റി. ഇത് സാധാരണ ഖബര്‍ ആണെന്ന് ആ പരിപാടിയിലും  ഒരു പണ്ഡിതന്‍ അഭിപ്രായം പറഞ്ഞത് ആശാവഹമാണ്‌.

സമീപ ഭാവിയില്‍ ഈ "ദിവ്യന്മാരുടെ" പേരില്‍ അവിടെ പ്രത്യേക പ്രാര്‍ഥനകള്‍ (ഉറൂസും ആണ്ടുനേര്‍ച്ചയും) ആരംഭിച്ചാല്‍ അതിശയിക്കാനില്ല. ഇങ്ങനെയൊക്കെയാണ് ദിവ്യ സ്ഥാനങ്ങള്‍  ഉണ്ടാകുന്നതും ജനങ്ങളെ ചൂഷണം ചെയ്തു പണം കൊയ്യുന്നതും എന്നത് നാം അറിഞ്ഞിരിക്കുക. സ്വന്തം ജീവിതത്തില്‍ പ്രാര്‍ഥനകള്‍ ഇല്ലാതെ ഇത്തരം കേന്ദ്രങ്ങളിലേക്ക് തീര്‍ഥ യാത്ര നടത്തുന്നവര്‍ നിലവില്‍ ഉള്ളതിനാല്‍ കുറെ ഭക്തന്മാര്‍ ആ വഴിക്കും യാത്ര ചെയ്യുമല്ലോ. സാധാരണജനം തിരിച്ചറിയണമെന്ന് മാത്രം ഉണര്‍ത്തട്ടെ.           
       





     

2010, നവംബർ 22, തിങ്കളാഴ്‌ച

ശാലീന സുന്ദരി .

ആ ഒറ്റമുറി വീട്ടിലെ കുടുംബിനിയുടെ രാകൂട്ടിനാണ് അവള്‍ വരുന്നത്. അവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അതൊരു ആശ്വാസവുമാണ്. ടീന്‍ ഏജില്‍ എത്തിയ അവളുടെ ശരീര വടിവ് കുഞ്ഞു മോനെ പോലും ആകര്‍ഷിച്ചിട്ടുണ്ട്.
അവനോട് അവള്‍ക്കു ബഹുമാനമാണ് .അതുകൊണ്ട് തന്നെ അവന്റെ അഭിപ്രായങ്ങള്‍ പങ്കുവക്കാനോന്നും കഴിഞ്ഞിട്ടുമില്ല.

പാവാടയും ബ്ലൌസും ധരിക്കുന്ന ഒരു പതിനെട്ടുകാരി മലയാളി പെണ്ണിന്റെ ശാലീനത അവള്‍ക്കുണ്ട്. പടിപ്പു കുറഞ്ഞവള്‍ക്ക് പഠിപ്പുള്ള ഒരുവനോടുള്ള ബഹുമാനമാകും അവള്‍ക്കുണ്ടായത്, എന്നാണ് അവനും ധരിച്ചിരിക്കുന്നത്.

കുടുംബത്തിലെ നാട്ടിലുള്ള ആണ്‍ കുട്ടി എന്നനിലയില്‍ വീട്ടു വിശേഷങ്ങള്‍ അന്വോഷിക്കാനായി വൈകുന്നേരങ്ങളില്‍ അവന്‍ അവിടെ വരുന്നത് പതിവാണ്.

ആ നേരത്ത് വളരെ ഭവ്യതയോടെ ഒരു ബക്കറ്റുമായി അവള്‍ പുറത്ത് പോകും ഒറ്റമുറി വീടെങ്കിലും ചുറ്റും അല്പം വിശാലമായ കൃഷിയിടമുണ്ട്. അതിനിടയിലൊരു ടോയ് ലെറ്റും. ബക്കറ്റും എടുത്ത് വെള്ളം കോരി കൊണ്ട് അങ്ങോട്ടാണ് അവള്‍ പോകുന്നത്.
എന്നും ഒരേസമയത്ത് ഉണ്ടാകുന്ന ഈ ഒരാവശ്യം മറ്റൊരാള്‍ക്ക്‌ തടയാന്‍ കഴിയില്ലല്ലോ.

കോഴികള്‍ കലപില കൂട്ടുന്നത് കേട്ടപ്പോഴാണ് അന്ന് കോഴിക്കൂട് അടക്കാന്‍ മറന്ന ചേച്ചിക്ക് അത് ഓര്മ വന്നത്. പെട്ടെന്ന് പുറത്തിറങ്ങി. പിന്നാംപുറത്ത് ഒരു ആളനക്കം പെട്ടെന്നാരോ ഇരുട്ടില്‍ മറയുന്നത് കണ്ടു.
ബക്കറ്റിലെ വെള്ളം ക്ലോസെറ്റിലേക്ക് ശക്തിയായി ഒഴിക്കുന്ന ശബ്ദവും ഉടനെ കേട്ടു.
തിരിച്ച് വന്ന അവളോട്‌ ഒന്നുമാത്രം ചേച്ചി പറഞ്ഞു.
വിവാഹ പ്രായ മായ പെണ്‍കുട്ടിയാണ് നിന്നെ സൂക്ഷിക്കേണ്ടത് നീതന്നെയാണ്.

2010, നവംബർ 18, വ്യാഴാഴ്‌ച

സം സം


അലി അബ്ദുള്ളക്ക് പോലും ഇത് വിശ്വസിക്കാനാവുന്നില്ല. മൂകനും ബധിരനുമായ തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പുണ്യ ഭൂമി സന്ദര്‍ശിക്കുക എന്നത്, അത് സഫലമായി എന്നതിനേക്കാള്‍ മറ്റു പലതുമാണ് ഇപ്പോള്‍ അദ്ധേഹത്തെ ആഹ്ലാദ ചിത്തനാക്കുന്നത്.പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായിട്ടാണ് സൊമാലിയ ക്കാരനായ, ഇരുപത്തി ഒന്‍പതു വര്‍ഷം മുന്‍പ്  സംസാരശേഷിയും കേള്‍വിയും നഷ്ട്ടമായ  അലി അബ്ദുള്ള ശരീഫ് ബ്രിട്ടനില്‍  നിന്നും സൌദിയില്‍ എത്തിയത്.
സോമാലിയയില്‍ മൂന്ന് ദശകങ്ങള്‍ മുന്‍പ് ഉണ്ടായ അഭ്യന്തര യുദ്ധത്തില്‍ ഇദ്ദേഹത്തിനു വെടിയേറ്റു.അതോടെ മുന്‍പുണ്ടായിരുന്ന സംസാരശേഷിയും കേള്‍വിയും നഷ്ട്ടപ്പെടുകായിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഇദ്ദേഹം ബ്രിട്ടനില്‍ കുടിയേറി താമസമാക്കി. 
അക്കാലത്ത് പല ചികിത്സയും നടത്തിയെങ്കിലും നഷ്ട്ടമായത് തിരിച്ചു കിട്ടില്ല എന്ന് ഡോക്ടറന്മാര്‍ വിധിയെഴുതി. ഇങ്ങനെയുള്ള കാരണങ്ങളാല്‍ നഷ്ട്ടപ്പെടുന്ന സംസാരശേഷിയും കേള്‍വിയും തിരിച്ചു കിട്ടുമെങ്കില്‍ അത് ആറ്‌ മാസത്തിനുള്ളില്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ്  വിദഗ്ദ്ധരുടെ അഭിപ്രായം.
എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഹജ്ജ് കര്‍മം ആരംഭിച്ചപ്പോള്‍ ഇദ്ദേഹത്തിനു സംസാര ശേഷിയും കേള്‍വി ശക്തിയും വീണ്ടു കിട്ടി. അള്ളാഹു വിന്റെ മഹത്തായ അനുഗ്രഹം എന്നാണ് അലി അബ്ദുള്ള ഇതിനെ വിശേഷിപ്പിച്ചത്.
ബ്രിട്ടനില്‍ എത്തിയ ശേഷം ആങ്ങ്യ ഭാഷയും മറ്റും സ്വായത്തമാക്കി, വൈകല്യം ഉള്ളവര്‍ക്ക് അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും കരസ്ഥമാക്കി. അങ്ങനെ വികലാംഗരുടെ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തിനു വളരെ സഹായകവുമായിരുന്നു.
മക്കയില്‍ എത്തി പ്രാരംഭ തവാഫ് (കഅബ വലം വെക്കല്‍ ) നിര്‍വഹിച്ചു, സഫ-മര്‍വക്ക് ഇടയിലെ നടത്തവും പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ പ്രഭാത നമസ്കാരത്തിന്റെ ബാങ്ക് വിളി (ബധിരനായ) അദ്ദേഹം കേള്‍ക്കുക ആയിരുന്നു. സന്തോഷം അടക്കാനാകാതെ ഒപ്പമുള്ള കൂട്ടുകാരോട് വിവരം അറിയിക്കാന്‍ ഓടിപോയി അവരോടു പറയാനും കഴിഞ്ഞു.
അള്ളാഹു വിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സംസം വെള്ളം. തവാഫ് കഴിഞ്ഞ് രണ്ടു 'റകഅത്ത്' നമസ്കരിച്ച ശേഷം നബി (സ) സംസം വെള്ളം കുടിച്ചിരുന്നു. "അത് കുടിക്കുന്നത് വിശപ്പിനു ശമനവും, രോഗത്തിന് ഔഷധവും" ആണെന്ന് അദ്ദേഹം  പറഞ്ഞിട്ടുണ്ട്.  
അവരുടെ സംഘ തലവനായ അബ്ദുല്‍ സമദ് മുഹമ്മദും ഇദ്ദേഹത്തിനു ഇല്ലാതിരുന്ന സംസാരശേഷിയും മറ്റും തിരിച്ചു കിട്ടിയതില്‍ അത്ഭുതപ്പെട്ടു. മക്കയിലെ തന്നെ ക്ലിനിക്കില്‍ പരിശോധനക്കും വിധേയനാക്കി. അലി അബ്ദുള്ളക്കു സാധാരണ നിലയില്‍ ആയതായി അവിടുത്തെ ഡോക്ടര്‍ ഗസ്സാലിയും സാക്ഷ്യപ്പെടുത്തിയതായി അറബ് ന്യൂസും റിപ്പോര്‍ട്ട്  ചെയ്തു.
ഇനിയിപ്പോള്‍ പഴയ വികലാംഗ തിരിച്ചറിയല്‍ കാര്‍ഡു വേണ്ട  എന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ഇദ്ദേഹം.                 

2010, നവംബർ 15, തിങ്കളാഴ്‌ച

ഈദ് മുബാറക്./AJ


ഹജ്ജിന്റെ വസ്ത്രം (ഇഹ്റാം) ധരിച്ചാല്‍ പിന്നെ ഹാജിമാര്‍ "ലബ്ബൈക്ക"ഉരുവിടുകയായി.
 
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്...ലബ്ബൈക്ക് ലാ ഷരീക ലക്ക ലബ്ബൈക്ക്  ....
ഇന്നല്‍ ഹംദ വാ ന്നിഉമത്ത ലക വല്‍ മുല്‍ക്ക്  ലാ ഷരീക ലക്ക് ..

(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു,  ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു,
 ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനും ഇല്ല, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു, സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്, എല്ലാ അനുഗ്രഹവും നിന്റേത് ആണ്,എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കു കാരനും ഇല്ല.)

ഹജ്ജ് ഒരു മഹത്തായ അനുഭവമാണ്. ആഗ്രഹിക്കുന്നു എങ്കില്‍ തന്നെയും എല്ലാവര്ക്കും
അത് അനുഭവിച്ച്  അറിയാന്‍ കഴിയുന്നില്ല. ഹജ്ജ് വേളയില്‍ നേടുന്ന ആത്മീയ ചൈതന്യം
അനുഭവിച്ച് അറിയുകതന്നെ വേണം. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് അറഫയില്‍ ഒരുമിച്ചുകൂടുന്നു. 
പരിശുദ്ധ ഹജ്ജിന്റെ മാസമായ ദുല്‍ ഹിജ്ജ് പത്തിന് ആണ് വലിയ പെരുന്നാള്‍ അല്ലെങ്കില്‍ ഹജ്ജി പെരുന്നാള്‍.
മുസ്ലിങ്ങള്‍ക്ക്‌ അള്ളാഹു അനുവദിച്ച രണ്ടു ആഘോഷങ്ങളാണ് ഈദുല്‍ ഫിതറും ഈദുല്‍ അളുഹയും.
നബി (സ) പറയുകയുണ്ടായി: ഇസ്ലാം അഞ്ചു കാര്യങ്ങളിലാണ് സ്ഥാപിക്കപെട്ടിരിക്കുന്നത്. അള്ളാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റമദാനില്‍ നോമ്പ് അനുഷ്ടിക്കുക കഴിവുള്ളവന്‍ കഅബയില്‍ പോയി ഹജ്ജു നിര്‍വഹിക്കുക. ഈ അഞ്ചാമത്തെ കാര്യം നിര്‍വഹിക്കുന്നതിനാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ പരിശുദ്ധ മക്കയിലേക്ക് യാത്ര തിരിക്കുന്നത്.
സാമ്പത്തികമായും ശാരീരികമായും, യാത്രക്ക് കഴിവുമുള്ള സ്ത്രീയും പുരുഷനും ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധംമായ ഒന്നാണ് ഹജ്ജ്.(സ്ത്രീക്ക് കൂടെ യാത്ര ചെയ്യാന്‍ അനുവദനീയമായ പുരുഷന്‍ ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമാകുകയുള്ളൂ.)
നവംബര്‍ 15 അറഫ ദിനം ( 2010 )
ഹജ്ജിന്റെ പല കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അറഫ ദിനം ഹാജിമാര്‍ ദുല്‍ ഹിജ്ജ് ഒന്‍പതിന് അറഫയില്‍ ഒരുമിച്ച്കൂടി ളുഹര്‍ നമസ്കാരശേഷം അസ്തമയം വരെ പ്രാര്‍ഥനകളില്‍ മുഴുകുന്നു. ഈ ദിവസം ഹജ്ജിനു പുറപ്പെടാത്തവര്‍ നോമ്പ് അനുഷ്ടിക്കാന്‍ കല്പിക്കപെട്ടിരിക്കുന്നു.(ഹാജിമാര്‍ ഈ ദിനം നോമ്പ് പിടിക്കേണ്ടതില്ല.)
പ്രവാചകന്‍ (സ) പറഞ്ഞു "അറഫ ദിനത്തിലെ നോമ്പിലൂടെ നിങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പാപവും വരാനിരിക്കുന്ന ഒരു വര്‍ഷത്തെ പാപവും പൊറുക്കപ്പെടും" നാം നോമ്പ് എടുക്കുന്നതോടൊപ്പം നമ്മുടെ അടുത്തതും അകന്നതുമായ കുടംബാഗങ്ങളിലും സുഹൃത്തുക്കളിലും ഈ സുന്നത്തിനെ സജീവമാക്കുക.

ഹജ്ജു കര്‍മം നിര്‍വഹിക്കാന്‍ കഴിവുള്ളവര്‍ അത് നീട്ടിവെക്കാതെ എത്രയും വേഗം ചെയ്യുന്നതാണ് അഭികാമ്യം.
നമ്മില്‍ നിന്നും കഴിവുള്ളവര്‍ക്ക് അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തില്‍ എത്തി പടച്ചവനു തൃപ്തിപ്പെടുന്ന ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ.

2010, നവംബർ 8, തിങ്കളാഴ്‌ച

നെല്‍വയലുകള്‍/ AJ


എനിക്കുണ്ടൊരു പത്തായം
പഴയ പ്രതാപത്തിന്റെ പര്യായം
ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
വയല്‍, നിറഞ്ഞ നെല്‍വയലുകള്‍
ഇന്നെനിക്കോര്‍മ ആയി  .......
പക്ഷെ,
പൊളിച്ച്  അടുക്കാറായ  പത്തായം
പാറ്റകളുടെ അഭയ കേന്ദ്രമിപ്പോള്‍,
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
പാടം പറമ്പായി പറമ്പില്‍ റബ്ബറും
ഒരു തുണ്ട് നികത്തി ഒരു വീടും
പടുത്തപ്പോള്‍ വയല്‍ അശ്ശേഷ മില്ല   
നീരോഴുക്കിനെ വഴിതിരിച്ചപ്പോള്‍
നീരുറവകള്‍ നീണ്ടുനിന്നില്ല
നീണ്ട ചുണ്ടുമായ് കൊറ്റികള്‍ വരുന്നില്ല.
തവള ക്കലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
കാലം മാറി 
പഴയ കാലന്‍ കുടയും
മണ്‍കുടമില്ല മണ്‍കലവുമില്ല
എന്‍ മക്കളെ ഉറി കാണിക്കാന്‍ 
അയലത്തു പോലും ബാക്കിയില്ല.