2015, നവംബർ 22, ഞായറാഴ്‌ച

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാമത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിഎച്ച് മുഹമ്മദ് കോയ നടത്തിയ പ്രസംഗം

1968  നവംബര്‍ രണ്ടിന്റെ സിന്‍ഡിക്കേറ്റ് മിനിട്ട്‌സില്‍ നിന്ന്. സര്‍വ്വകലാശാലയ്ക്ക് പുതിയൊരു വൈസ് ചാന്‍സലറെ തേടും മുമ്പ് വായിച്ചിരിക്കേണ്ട ഈ പ്രസംഗം പുനഃപ്രസിദ്ധീകരിക്കുന്നു.
ഈ പുതിയ സര്‍വ്വകലാശാലയുടെ ഭരണസമിതി ആദ്യമായി ചേരുമ്പോള്‍ ഇവിടെ സന്നിഹിതനാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങളോട് എന്തെങ്കിലും പറയുവാന്‍ ഞാന്‍ ശ്രമിക്കുന്നത് ഒരു സാഹസമായിരിക്കും. നിങ്ങളെല്ലാവരും മുഖ്യമായും ഉന്നത വിദ്യാഭ്യാസത്തിന്റെയും സര്‍വകലാശാലാഭരണത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ പഠിച്ചിട്ടുള്ള വിദ്യാഭ്യാസ വിദഗ്ധരാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞാന്‍ ഈ രംഗത്ത് ഒരു തുടക്കക്കാരന്‍ മാത്രമാണ്. അക്കാരണത്താല്‍ എനിക്ക് വളരെ സങ്കോചമുണ്ട്. എങ്കിലും, ഒരു സമാധാനമുണ്ട്: നിങ്ങളുടെ അടിയന്തരപ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ വളരെ ബോധവാനാണ്; അവ പരിഹരിക്കുവാന്‍, അഥവാ, പരിഹാരത്തിന്റെ കാര്യത്തില്‍ സഹായിക്കുവാന്‍, എനിക്ക് അതിയായ വ്യഗ്രതയുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍, ഇന്നത്തെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍, സര്‍ക്കാര്‍യന്ത്രത്തിന് ചെയ്യാവുന്ന എല്ലാ സഹായവും എന്നെക്കൊണ്ടു കഴിയുന്നത്ര ലഭ്യമാക്കുവാന്‍ ഞാന്‍ ശ്രമിക്കാം. ലളിതവും എന്നാല്‍ സുപ്രധാനവുമായ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ വേണ്ടിയാണ് ഞാന്‍ ഇന്നിവിടെ വരാന്‍ തീരുമാനിച്ചത്.
കാലിക്കറ്റ് സര്‍വ്വകലാശാല, കേവലം ഈ സംസ്ഥാനത്തെ മറ്റൊരു സര്‍വ്വകലാശാല എന്നതില്‍ക്കവിഞ്ഞ് സംസ്ഥാനത്തെ പുതിയൊരു സര്‍വ്വകലാശാലയാവണമെന്നുള്ള എന്റെ മോഹവും തീരുമാനവും തുറന്നുപറയാന്‍ ഞാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. കേരളം വിദ്യാഭ്യാസത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ മുന്‍കൈയെടുത്തിട്ടുണ്ട്; സജീവവും സൃഷ്ടിപരവും ഒരുപക്ഷേ, സാഹസികവുമായ ഒരു ശൈലി കരുപ്പിടിക്കുവാന്‍ നമ്മുക്കു സാധിക്കും എന്നെനിക്കു തോന്നുന്നു അത് ഈ പ്രദേശത്തിന്റെ പ്രാകൃതികവും ഭൗതികവുമായ എല്ലാ സാമഗ്രികളെയും സമാഹരിക്കുകയും സമകാലികമായ വെല്ലുവിളികള്‍ക്ക് മറുപടിയായി നമ്മുടെ മാനസികസിദ്ധിയുടെ അനന്തസാദ്ധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സമൂഹത്തിലെ മാനുഷികാവശ്യങ്ങള്‍ നിറവേറ്റുകയെന്ന സേവനത്തിനുവേണ്ടി സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവയായിട്ടാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണേണ്ടത്. ആവശ്യങ്ങള്‍ മാറുമെന്നതിനാല്‍ കോളേജുകളും സര്‍വകലാശാലകളും മാറേണ്ടിയിരിക്കുന്നു പുതിയ സ്ഥിതിഗതികളോട് യോജിച്ചപോകാന്‍ വേണ്ടി ഫാക്കല്‍ട്ടികളുടെയും ബോര്‍ഡംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങളിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ വിസമ്മതിക്കുന്നു എങ്കില്‍ അവയുടെ സംസ്ഥാപനവും സംഖ്യാവര്‍ദ്ധനവും ന്യായീകരിക്കത്തക്കതല്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ക്കു തയ്യാറായി ജീവിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. മറ്റേതെല്ലാം കാലക്രമേണ ജീര്‍ണ്ണിച്ചുപോവുന്നു.
ഇപ്പോള്‍ ഇവിടെ നിലവിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം നമുക്കുചില ചോദ്യങ്ങള്‍ ഉന്നയിക്കാം:
1. ജൂനിയര്‍ കോളേജുകളുടെ പദവിയെന്താണ്? അവയെല്ലാം കാലക്രമേണ ഒന്നാംകിട കോളേജുകളായി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണോ? അഥവാ, അഭികാമ്യമാണോ? സര്‍ക്കാര്‍ ഖജനാവിന് അത്രയധികം ചെലവുണ്ടാക്കുന്നവിധത്തില്‍ അവയിങ്ങനെ കൂടുതല്‍ കൂടുതല്‍ ഉണ്ടായിവരേണ്ടതുണ്ടോ? അവ സര്‍വകലാശാലയോടു ബന്ധപ്പെട്ടോ അതിന്റെ നിയന്ത്രണത്തിലോ ആവണമോ, അതോ സര്‍വ്വകലാശാലക്കാരും സെക്കണ്ടറി വിദ്യാഭ്യാസക്കാരും ചേര്‍ന്നുണ്ടാക്കിയ സ്വതന്ത്രമായ ഒരു ബോര്‍ഡിന്റെ കീഴില്‍ ആവണമോ? അവിടത്തെ അദ്ധ്യാപകര്‍ക്കുള്ള യോഗ്യതകള്‍ എന്തായിരിക്കണം? ഫീസ് നിരക്കുകള്‍ എങ്ങനെ? നിങ്ങള്‍ ഈ പ്രശ്‌നത്തെ അതിന്റെ മുഴുവന്‍ ഗൗരവത്തോടെ പരിശോധിക്കണമെന്നും അടുത്ത പദ്ധതിക്കാലത്തേക്ക് ആവശ്യമായ എണ്ണവും അവയ്ക്കാവശ്യമായ സ്ഥാനവും നിര്‍ദ്ദേശിക്കണമെന്നും എനിക്ക് താല്‍പര്യമുണ്ട്.
2. എല്ലാ കോളേജുകള്‍ക്കും ബിരുദ-ബിരുദാനന്തര തലങ്ങളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാനുള്ള വെമ്പല്‍ നിങ്ങള്‍ക്കറിയാം. നിശ്ചിതമായ ഗ്രാന്റുകള്‍ കിട്ടിയാലും ഇല്ലെങ്കിലും ആവശ്യമായഭൗതിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവും. എന്നാല്‍ത്തന്നെ ഗവണ്‍മെന്റ് സഹായധനംകൊണ്ട് നികത്തേണ്ട കമ്മിയോടുകൂടി നിത്യച്ചെലവുകള്‍ ഭീകരമായി വര്‍ദ്ധിച്ചു വരുന്നു. ഇവിടെയും വകതിരിവോടെയുള്ള നിയന്ത്രണമോ തെരഞ്ഞെടുപ്പോ വേണ്ടിവരുന്ന ഒരു സ്വാഭാവിക നയം ആവശ്യമായിത്തോന്നുന്നു. നിയമേനയുള്ള ഒരു വികസനത്തെക്കുറിച്ച് ആസൂത്രിതമായ സമീപനമാണ് വേണ്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ഭരണാധികാരിക്ക് ഒറ്റയ്ക്കാവില്ല. സിന്‍ഡിക്കേററ് ഈ പ്രശ്‌നം അവധാനപൂര്‍വ്വം പരിഗണിക്കുമെന്ന് ഞാനാശിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകലാശാല പഴഞ്ചന്‍മാതൃകകളുടെ ഒരു പകര്‍പ്പാവുകയില്ലെന്നാണ് എന്റെ പ്രതീക്ഷ. പ്രാദേശികമോ മറ്റോ ആയ കാരണങ്ങളാലുള്ള ആവര്‍ത്തനപ്രവണമായ വികസനത്തെ ധീരമായി പിടിച്ചുനിര്‍ത്തണം. കൂടുതല്‍ ഉചിതമായ കാര്യങ്ങള്‍ക്കായി വിഭവശേഷി നീക്കിവയ്ക്കണം. ഇക്കാര്യത്തിലേക്കായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് നമ്മെ സഹായിക്കുന്നതിന് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിദഗ്ദ്ധന്മാരടങ്ങുന്ന ഒരു വികസനസമിതി രൂപീകരിക്കാന്‍ ഉദ്ദേശമുണ്ട്. ഈ സര്‍വകലാശാലയുടെ ഉത്തരവാദിത്വമുള്ള കാര്യനിര്‍വഹണ സമിതി അത്തരം നിര്‍ദ്ദേശങ്ങള്‍ യഥായോഗ്യം ഉചിതമായും ജീവത്തായും പ്രാവര്‍ത്തികമാക്കണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇന്നാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഭാവിക്ക് അത്യന്തം പ്രാധാന്യമുള്ള ഈ കൃത്യം തുടങ്ങുന്നതിന്ന് ചാന്‍സലര്‍ വിശ്വാസപൂര്‍വ്വം ഭരമേല്‍പിച്ച നിങ്ങളെ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
3. തങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ക്കു വേണ്ട ചെലവുകള്‍ എല്ലാം വഹിക്കുന്ന സമൂഹത്തിന്റെ മദ്ധ്യത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തില്‍ ആരോഗ്യകരമായ ഒരു മുദ്ര ഫലപ്രദമായി പതിപ്പിക്കുവാന്‍ ഈ സര്‍വ്വകലാശാലയ്ക്ക് എങ്ങനെയാണ് സാധ്യമാവുക? തങ്ങളുടെ വിജ്ഞാനം സാധാരണക്കാരന്റെ സ്വത്തായി മാറ്റുവാന്‍ അധ്യാപകര്‍ക്കും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും? സര്‍വ്വകലാശാലകള്‍ ചുറ്റുമുള്ള ജീവിതത്തിന്റെ നിരൂപണം നിര്‍വ്വഹിക്കണം. ഇത് പ്രായോഗികവും ദീര്‍ഘകാലാധിഷ്ഠിതവുമായ ഏതെല്ലാം രൂപങ്ങളിലാണ് സാദ്ധ്യമാവുക? സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ പത്രങ്ങള്‍ക്കും റേഡിയോ, സിനിമ, ആനുകാലികപ്രസിദ്ധീകരണങ്ങള്‍ മുതലായ പ്രചാരണ മാധ്യമങ്ങള്‍ക്കകം എത്രത്തോളം മുന്നോട്ട് വരാന്‍ കഴിയും?
4. ശ്രീ ചാക്കോയും ഞാനും സര്‍വ്വകലാശാലാധന സഹായക്കമ്മിഷനുമായി നടത്തിയ ചര്‍ച്ചകളില്‍നിന്ന് വിദ്യാഭ്യാസവ്യവസ്ഥയുടെ ചൈതന്യവത്തായ ഏതൊരു പരിണാമപ്രക്രിയയ്ക്കും സഹായകമായ നിലപാടാണ് കമ്മീഷന്റേതെന്ന ഒരു ധാരണയാണ് ഞങ്ങള്‍ക്കുണ്ടായത്. സാങ്കേതികവിദ്യയ്ക്കുള്ള കലാലയങ്ങളില്‍നിന്നല്ലാതെ സാങ്കേതികവിദ്യയുടെ ഉല്‍കൃഷ്ടകേന്ദ്രങ്ങളില്‍നിന്നു വരുന്ന സാങ്കേതികവിദ്യാബിരുദധാരികളായി - ജീവിതപരിതഃസ്ഥിതികളില്‍നിന്നു വളര്‍ന്നുവന്ന ബിരുദധാരികളായി - വേണ്ട യോഗ്യത നേടുവാന്‍ ഈ പ്രദേശത്തുള്ള വ്യവസായസ്ഥാപനങ്ങളില്‍ ചേര്‍ന്ന് സൈദ്ധാന്തികപഠനം നടത്തുവാന്‍ ഒരുകൂട്ടം ചെറുപ്പക്കാരെ തെരഞ്ഞെടുത്തയയ്ക്കാന്‍ ആലോചിക്കണമെന്ന് ശ്രീ ചാക്കോ* എന്നോട് നിര്‍ദ്ദേശിക്കുകയുണ്ടായി. സാധാരണ കോളേജ് സമ്പ്രദായത്തിലുള്ള സാങ്കേതികവിദഗ്ധനെക്കാള്‍ പ്രാദേശികവിഭവങ്ങളെ ചൂഷണം ചയ്യുവാന്‍ ഇത്തരക്കാര്‍ കൂടുതല്‍ പ്രാപ്തരായേക്കാം. എന്റെ മോഹങ്ങള്‍ വീണ്ടും പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട സര്‍വ്വകലാശാലഫാക്കല്‍റ്റികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നമ്മുട ലക്ഷ്യം യുവാക്കളുടെ അഭിവൃദ്ധിയാണല്ലോ അവര്‍ക്ക് ഇനിയും ഉയര്‍ന്ന ഒരു ജീവിത നിലവാരം ആസ്വദിക്കുവാന്‍ സഹായകമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് സ്വാഭാവികമായി നേരിടേണ്ട വെല്ലുവിളികളെ നിങ്ങള്‍ നേരിടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
5. ഞാന്‍ കൂടുതല്‍ സമയം എടുക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയ്ക്കും ആ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യം ഞാന്‍ കല്പിക്കുന്നുവെങ്കിലും സാംസ്‌കാരിക പരിണാമത്തിന്റെ മഹത്തായ മൂല്യങ്ങളെ ചെറുതാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉപസംഹരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തത്വശാസ്ത്രത്തിന്റെയും പൗരസ്ത്യപഠനങ്ങളുടെയും ലളിതകലകളുടെയും ജനകീയ പ്രവര്‍ത്തനങ്ങളുടെയും ഫാക്കല്‍റ്റികള്‍ ആലസ്യത്തിന്റെയും സാങ്കല്‍പികാശയങ്ങളുടെയും സീമകളെ അതിലംഘിച്ച് എണ്ണിക്കാണിക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ മേഖലയിലേക്ക് നീങ്ങണം. നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെപ്പറ്റി കൂടുതല്‍ വിപുലമായ ഒരവബോധം, മൂല്യസമന്വയത്തെ കൂടുതല്‍ ഉല്‍ബുദ്ധതയോടെയും കൂടുതല്‍ ഐക്യത്തോടെയും സ്വീകരിക്കാനുള്ള മനഃസ്ഥിതി, സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വബോധത്തിന്റെയും അസൂയാവഹമായ ഒരൗന്നത്യം- ഇതൊക്കെ പുതിയ സര്‍വ്വകലാശാലയുടെ കാണത്തക്ക സംഭാവനകളില്‍ ഉണ്ടായിരിക്കണം. കാഴ്ചപ്പാടിലും പെരുമാറ്റത്തിലും സങ്കുചിതചിന്താവിമുക്തരായ ഒരു വലിയകൂട്ടം ബുദ്ധിജീവികള്‍ ഒന്നിച്ച് ഒരു കുടുംബമായോ സമുദായമായോ പാര്‍ക്കുന്ന ഒരു വലിയ സങ്കേതം കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിന് എന്തുരൂപം കൈവരുമെന്ന കാര്യം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ ജോലി നിസ്സാരമല്ല. പ്രശ്‌നങ്ങള്‍ അസംഖ്യമാണ്. പ്രലോഭനങ്ങള്‍ അതിശക്തമാവാം. പഴയ തലമുറയില്‍പ്പെട്ട ഞങ്ങള്‍ക്ക് തിളച്ചുമറിയുന്ന ഒരു സമൂഹത്തിന്റെ വെല്ലുവിളികള്‍ അസഹ്യമായിത്തീരാം. എന്നാല്‍ അത്തരം സ്ഥിതിഗതികളില്‍ നിന്ന് ഒരു മഹദ് ഗുണകേന്ദ്രം സൃഷ്ടിച്ചെടുത്ത് ഭാവിതലമുറയ്ക്ക് ഏല്‍പ്പിച്ചുകൊടുക്കുവാന്‍ കഴിഞ്ഞാല്‍ നേട്ടത്തിന്റെ ചാരിതാര്‍ത്ഥ്യം വലുതായിരിക്കും. ആ കേന്ദ്രം മനുഷ്യനിലെ ഉല്‍ക്കൃഷ്ടമൂല്യങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട് ഒരുജ്ജ്വലപ്രഭാകേന്ദ്രമായി പരിലസിക്കും. സഹജീവികള്‍ക്ക് 'നിര്‍മ്മായകര്‍മ്മാണ ശ്രീ' എന്ന സന്ദേശം അത് പകര്‍ന്നുകൊടുക്കും. അന്തിമഫലത്തില്‍ നമ്മുടെ സഹോദരങ്ങളുടെയെല്ലാം ജീവിതം സമാധാനൈശ്വര്യപൂര്‍ണമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതൊരു പ്രസ്ഥാനത്തിനും എന്ത് ആന്തരമൂല്യമാണുള്ളത്?
ഈ നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ നിങ്ങളെയെല്ലാം കാണുവാന്‍ എനിക്ക് ഒരവസരം തന്നതില്‍ നന്ദിപറഞ്ഞുകൊള്ളട്ടെ. നിങ്ങള്‍ക്ക് എന്റെ വിജയാശംസകള്‍. സര്‍ക്കാര്‍തലത്തില്‍ നിങ്ങളുടെ പ്രശ്‌നങ്ങളോട് അങ്ങേയറ്റം സഹാനുഭൂതിയോടെയുള്ള സമീപനം ഞാന്‍ വാഗ്ദാനം ചെയ്തുകൊള്ളുന്നു.
(സിന്‍ഡിക്കേറ്റ് മിനിട്ട്‌സ്, നവംബര്‍ 2, 1968)
(തര്‍ജ്ജമ: എം ജി എസ് നാരായണന്‍)
kadappad - South Live http://southlive.in/voices-spotlight/ch-muhammed-koyas-speech-first-syndicate-meeting-calicut-universty/13513

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒരു പ്രാവ് ജീവിതം കൂടി നാടണഞ്ഞു.

ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണു ഷാജഹാൻ പ്രവാസ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.  വളരെക്കാലത്തെ ശ്രമത്തിനു ശേഷം നാട്ടുകാരനായ സുഹൃത്താണ്‌  ദമ്മാമിൽ ഒരു വിസ തരപ്പെടുത്തി കൊടുത്തത്. കുറച്ചു പ്രാവുകളെ നോക്കുന്ന ജോലിയെന്ന് കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി. എങ്ങിനെയൊക്കെയോ കടം വാങ്ങിയും കുടുംബ ശ്രീയിലൂടെ വാങ്ങിയ പശുവിനെയും കൊഴിയെയുമൊക്കെ വിറ്റും കടൽ കടക്കാനുള്ള പണം സ്വരൂപിച്ചു. 


മരുഭൂമിയിൽ തയ്യാറാക്കിയിട്ടുള്ള പ്രാവ് വളർത്തൽ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് അമ്പരന്നുപോയത്.
ഒപ്പം കൊഴുത്തു തടിച്ച കുറെ നായ്ക്കളെയും വളര്തുന്നുണ്ടായിരുന്നു.
ഇവക്കെല്ലാം തീറ്റ കൊടുക്കലും കൂട് വ്രിത്തിയാക്കലുമയി വൈകുവോളം പണിയെടുക്കണം. ആയിരത്തി അഞ്ഞൂറോളം വരുന്ന പ്രവുകൾക്കും പതിനഞ്ചു നായ്ക്കൾക്കും പരിചരണം,  മരുഭൂമിയിലെ ഏകാന്ത വാസം ഷാജഹാനെ  പരിഭ്രാന്തനാക്കി . ഭാഷ മനസ്സിലാകാത്തതിനാൽ ഇടയ്ക്കിടെ സ്പോണ്‍സരുടെ  മർദ്ദനവും  ഏല്ക്കേണ്ടി വന്നു .  പ്രാവുകൾക്ക് തീറ്റ നൽകാൻ പോകുന്ന ഷാജഹാനെ കൂടിന്റെ ഉള്ളിലാക്കി പുറത്തു നിന്ന് പൂട്ടുമായിരുന്നു. 

പൊതുവെ ആരോഗ്യമില്ലാത്ത ഷാജഹാന് ഇതിനിടെ കടുത്ത  പനി പിടിപെട്ടു. രാവിലെ വന്നു വൈകിട്ട് മടങ്ങുന്ന അറബി തന്നെ ആഹാരമൊക്കെ തയ്യാറാക്കി കൊടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചുള്ള ജീവിതം ഏറെ ദുരിതത്തിലാക്കി. അങ്ങനെയിരിക്കെ അല്പംഅകലെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായത്തൽ ജിദ്ദയിലുള്ള സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിക്കാൻ അവസരം കിട്ടി. ഹൌസ് ഡ്രൈവർ ആയ ജമാലിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. 

അദ്ദേഹം കോബാറിൽ ഉള്ള അടുത്ത ബന്ധുവായ  അബ്ദുൽ അസീസിനെ വിളിച്ച് അറിയിച്ചതിനാൽ അദ്ദേഹമാണ് ഷാജഹാന് നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കിയത്. സാമൂഹിക പ്രവർത്തകരായ ഷാജി വയനാടും, ഹാരിസ് ഫാറൂകും, അലി അൻവറും നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, വിസക്കും ചിലവായ തുകയും ടിക്കെറ്റും എടുത്തുനല്കിയാൽ എക്സിറ്റ് നല്കി നാട്ടിൽ അയക്കാൻ  സ്പോണ്‍സർ  തയ്യാറാവുകയായിരുന്നു. അങ്ങനെ ആവശ്യപ്പെട്ട തുകയും ടിക്കെറ്റും അബ്ദുൽ അസീസ്‌ തന്നെ നല്കി എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ഷാജഹാനെ കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു യാത്രയാക്കി.