പരസ്പരം കരാര്‍ ഒപ്പ് വെച്ചതോടുകൂടി അതങ്ങ് സാധിച്ചു കിട്ടി എന്ന് നമുക്ക് സമാധാനിക്കാം.
സ്മാര്‍ട്ട് സിറ്റി എവിടെ, സ്മാര്‍ട്ട് സിറ്റി എവിടെ, എന്ന് ചോദിച്ചവര്‍ക്ക് വായടപ്പന്‍ മറുപടിയാണ് ഇതിലൂടെ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞത്. നാല് വര്ഷം പിന്നിട്ടപ്പോഴും ഇടതു മുന്നണി സര്‍ക്കാരിനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നവര്‍ക്ക് ഇത് അംഗീകരിച്ചു കൊടുക്കേണ്ടി വരും എന്നതില്‍ സംശയമില്ല. അതെ വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു ലാന്‍ഡ് മാര്‍ക്ക് ആകുകയാണ് ഇനി കൊച്ചി.
2003 -ല്‍ ആണ് ആന്റണി സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതിയില്‍ ഇത് ഉള്‍പെടുത്തുന്നത്.
അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഉമ്മന്‍ ചാണ്ടിക്കും ഈ പദ്ധതി മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞില്ല. 2007 മെയ് 13ന് സംസ്ഥാന സര്‍ക്കാരും ടീകോമും ഒരു ഉടമ്പടി ഉണ്ടാക്കിയെങ്കിലും
പിന്നീടു ഇത് വരെ നടന്ന ചര്‍ച്ചകളൊക്കെ ഒരു പുരോഗതിയും ഉണ്ടാക്കിയിരുന്നില്ല.
ടീക്കോമിന് അനുവദിച്ച ഭൂമിയുടെ വില്പന അവകാശ തര്‍ക്കമാണ് യോജിപ്പിലെത്താതെ കരാര്‍ നീണ്ടു പോകാന്‍ കാരണമായത്. ഒടുവില്‍ സര്‍ക്കാരിന്റെ നിലപാടിലേക്ക് ദുബായ് കമ്പനിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് എന്തായാലും നല്ലത് തന്നെ.
യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ എന്നേ ഈ സംഭവം കഴിഞ്ഞിരുന്നെനെ. ഇത്രയേറെ തര്‍ക്കിച്ചു നില്‍ക്കാനോന്നും അവരെ കിട്ടുകയില്ലെന്നു ആര്‍ക്കാ അറിയാത്തത്. പാട്ടത്തിനു കൊടുക്കുന്ന ഭൂമി എന്ത് ചെയ്താലും ഞങ്ങടെ കാലത്ത് തന്നെ ഇതങ്ങു നടപ്പാക്കണം എന്ന് മാത്രമായിരിക്കും അവര് പറയുമായിരുന്ന നിബന്ധന. ഭരണം കിട്ടിയാല്‍ ഉടനെ ഇങ്ങനെ ഒന്ന് രണ്ടു നല്ലകാര്യങ്ങള്‍ ചെയ്താലും അത് ജനങ്ങളില്‍ എത്തിക്കാന്‍ അവര്‍ മിനക്കെടാറോന്നും ഇല്ല. ഘടക കക്ഷി തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുമൊക്കെ ഭരണം തീരുവോളം അവിടെ സജീവമായിരിക്കും.
ഇതിപ്പോള്‍ എന്തായാലും നീട്ടി നീട്ടി ഇവിടെ വരെ എത്തിച്ച എല്‍ ഡി എഫിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം.
മൂന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനുള്ള ക്രെഡിറ്റൊക്കെ മുഖ്യമന്ത്രിക്ക് കിട്ടുമെന്ന് കണ്ട മറുപക്ഷം രംഗത്ത് വന്നത് നമ്മള്‍ കണ്ടതാണ്, നാളെ ഈ സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തിലും ആളുകള്‍ മുഖ്യന് അനുകൂലമായി അഭിനന്ദനം അറിയിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ കഴിവോന്നുമല്ല എന്നവര്‍ പറയുമോ എന്നെനിക്കു സംശയമുണ്ട്. അവിടെയും ഗ്രൂപ്പ് തിരിഞ്ഞു ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ പതിവാണല്ലോ.
ഇക്കഴിഞ്ഞ കാലയളവില്‍ ദുബായില്‍ നിന്നും ചര്‍ച്ചക്ക് വന്നുപോയവരെ പറ്റി വി എസ് നടത്തിയ പരാമര്‍ശവും വിലകുറഞ്ഞത് ആയിപ്പോയി എന്ന് ഒര്മിപ്പിക്കാതെ വയ്യ. അറബികള്‍ ഇസ്ലാമിക സംസ്കാരവും സ്വഭാവവും പിന്തുടരേണ്ടവര്‍ ആണെങ്കിലും സമൂഹത്തില്‍ കാണുന്ന എല്ലാ തിന്മകളും അവരില്‍ ചിലരിലുമുണ്ട്. അതൊക്കെ എടുത്തുപറഞ്ഞു പരസ്യമായി ആക്ഷേപിക്കുക എന്നത് ഒരു ഭരണ കര്‍ത്താവിനു ചേര്‍ന്നതല്ല. അതിനെതിരെ അയാള്‍ പ്രതികരിച്ചതോ വളരെ മാന്യതയോടെ ആയി എന്നതും എടുത്ത് പറയാവുന്നകാര്യം തന്നെ.
മന്ത്രി എസ് ശര്‍മ്മയും നമ്മുടെ യൂസഫ് അലിയും മുഖ്യ മന്ത്രിയോടൊപ്പം ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതിനു ആത്മാര്‍ത്ഥമായി ശ്രമം തന്നെ നടത്തി. അവസാനം സര്‍ക്കാരിന്റെ ദൂതനായി മാധ്യസ്ഥ പറഞ്ഞ യൂസഫ് അലിയാണ് അഭിനന്ദനാര്‍ഹമായ ഇടപെടലിലൂടെ ഇത് ശുഭ പര്യവസായി ആക്കിയതെന്നു പറയാതെ വയ്യ. സ്വന്തമായ ബിസിനസ് ലോകം വിശാലമാക്കുന്നതോടൊപ്പം നാടിന്റെ നന്മക്കായുള്ള ഈ പരിശ്രമങ്ങളും പ്രശംസനീയം തന്നെ.
ആദ്യമെല്ലാം ഈ സ്മാര്‍ട്ട് സിറ്റി ചര്‍ച്ചകളില്‍ നിന്നും അദ്ദേഹം അകറ്റി നിര്‍ത്തപെട്ടിരുന്നു എന്നത് നമുക്കറിയുന്നതാണ്. സാഹചര്യങ്ങളുടെ ആവശ്യം അനുസരിച്ച് മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ ഈ ചുമതല ഏല്‍പ്പിക്കുക ആയിരുന്നല്ലോ.
കൊച്ചിയും സ്മാര്‍ട്ട് സിറ്റി ആകുന്നു എന്നതില്‍ നമുക്ക് സന്തോഷിക്കാം.