വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂൺ 29, ശനിയാഴ്‌ച

പരിശുദ്ധ ഹറമിലെ മാതാഫ് വികസനം 2015 ൽ പൂർത്തിയാക്കും


 ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ  സജ്ജമാക്കിയ ക്രെയിനുകൾ


ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ്  (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ   നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.   

സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന  ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
 പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.

ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ  വീതി 50 മീറ്റർ ആകുന്നതോടെ ആൾ  തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്.   ഇപ്പോൾ നിലവിലുള്ള  കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)                
   
മുമ്പുള്ള   അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ   തവാഫ് ചെയ്യാവുന്നവരുടെ എണ്ണം  22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത്‌ നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്‌. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.

2013 മാർച്ച് 3, ഞായറാഴ്‌ച

ഇന്‍ഡിഗോ എയര്‍ ലൈന്‍സ്


ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ തിരുവനന്തപുരം ദുബൈ പ്രതി ദിന സര്‍വീസ് ഇന്നലെ തിരുവനന്ത പുരത്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ദുബൈ സര്‍വീസും താമസിയാതെ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡണ്ട്‌ ആദിത്യ ഘോഷ് അറിയിച്ചു,


പുതുതായികൂടുതല്‍ ഇന്‍റെര്‍നാഷണല്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം  അഭ്യന്തര സര്‍വീസുകളും ആരംഭിക്കുന്നു, കോഴിക്കോട് -തിരുവനന്തപുരം സര്‍വീസിനും പദ്ധതിയുണ്ട്.
തിരുവനന്തപുരം ദുബൈ മടക്ക യാത്രാ നിരക്ക് 11699 രൂപയാണ് ഇന്‍ഡിഗോ ഓഫര്‍. കൂടുതല്‍ കമ്പനികള്‍ കടന്നു വരുന്നതോടെ യാത്രാ നിരക്കില്‍ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. 


2012 ഡിസംബർ 28, വെള്ളിയാഴ്‌ച

കേരളത്തില്‍ അറബിഭാഷക്ക് സി എച്ച് നല്‍കിയ സംഭാവന

(കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച് മുഹമ്മദ് കോയ ചെയറും അറബി ഭാഷാ പഠന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അവതരിപ്പിച്ചത്)


അറബി ഭാഷക്ക് കേരളവുമായി ചരിത്രാതീത കാലം തൊട്ടുള്ള ബന്ധമുണ്ട്. 
സമുദ്രവ്യാപാരികളായിരുന്ന അറബികളുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു കേരളത്തിലെ തുറമുഖ നഗരങ്ങള്‍ക്ക്.

പ്രവാചകന്റെ ആഗമനത്തിനു ശേഷം ഇസ്‌ലാംമത പ്രചാരകര്‍ കൂടി എത്തിത്തുടങ്ങിയതോടെ ഈ ബന്ധം രൂഢമൂലമായി. ഖുര്‍ആന്റെ ഭാഷ എന്ന നിലയില്‍ മുസ്‌ലിം മതജീവിതത്തില്‍ അറബി ഭാഷ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മലബാറിലെ വാമൊഴിയില്‍ അറബ് പദങ്ങളുടേയും തത്സമയങ്ങളുടേയും കലര്‍പ്പുകള്‍ കാണാം.

മലയാളികളായ അറബ് പണ്ഡിതന്മാര്‍ നിരവധിയാണ്. 36 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ചരിത്രഗ്രന്ഥം, അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വരെ പഠിപ്പിച്ചിരുന്ന ‘ഫത്ഹുല്‍ മുഈന്‍’ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ ഈടുറ്റ അറബ് ഗ്രന്ഥങ്ങള്‍ മലയാളികളായ പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. എന്തിനേറെ, ലോകത്തിനു ”ഖത്തുഫുന്നാനി” എന്ന ലിപിരൂപവും മലബാറില്‍ നിന്നുണ്ടായി.

മതപഠനത്തിന്റെ മാധ്യമം എന്ന നിലയില്‍ അറബി ഭാഷ കേരളത്തില്‍ പ്രചുര പ്രചാരം നേടി. അസംഖ്യം പള്ളി ദര്‍സുകളും മതപാഠശാലകളും അറബി ഭാഷാ പഠനം വ്യാപകമാക്കി. അറബി മലയാളത്തിന്റെ ആവിര്‍ഭാവം തന്നെ മതപഠനത്തിനു വേണ്ടിയായിരുന്നു. അറബ്‌ലിപികളില്‍ മലയാളമെഴുതുന്ന അറബി മലയാള ഭാഷയില്‍ നിരവധി കാവ്യങ്ങളും വൈദ്യം, ഗോളശാസ്ത്രം, ചരിത്രം തുടങ്ങിയ ശാഖകളില്‍ ഗ്രന്ഥങ്ങളുമുണ്ട്. കേരളമുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ അറബി മലയാളം ഇന്നും മദ്രസാക്ലാസുകളില്‍ അധ്യയന മാധ്യമമായി തുടരുന്നു. അതേസമയം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ രാജ്യത്തിന്റെ പൊതു അവസ്ഥ തകര്‍ത്തതിനോടൊപ്പം മുസ്‌ലിം സാമൂഹിക ജീവിതത്തേയും തകര്‍ത്തു.
ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഇംഗ്ലീഷ് പഠനത്തോടും ആധുനിക വിദ്യാഭ്യാസ രീതിയോടും മുസ്‌ലിംകള്‍ വിമുഖത കാണിച്ചു. മുഖ്യധാരയില്‍ നിന്ന് പുറംതള്ളപ്പെടുകയായിരുന്നു അതിന്റെ ഫലം. ഇന്ത്യയിലൊട്ടാകെ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിനുശേഷം ഇതായിരുന്നു അവസ്ഥ. മലബാറില്‍ കര്‍ഷക കലാപങ്ങളായി ആളിപ്പടര്‍ന്ന അസ്വസ്ഥതകള്‍ 1921 കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. ബ്രിട്ടീഷ്‌വിരോധത്തിന്റെ പ്രകടിതരൂപങ്ങളാണ് പിന്നീട് കണ്ടത്.

ഭരണകൂടവുമായി ഇടന്തടിച്ചു നില്‍ക്കുന്ന മുസ്‌ലിംകളെ അനുനയിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്ന മുസ്‌ലിംകളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ മതപഠനം കൂടി പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി. പ്രധാനമായും ഖുര്‍ആന്‍ പഠനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 1887ല്‍ നിയമിതമായ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചാണ് കല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെ ഓറിയന്റല്‍ സ്‌കൂള്‍ തുടങ്ങുന്നത്.
മലബാറില്‍ നടന്ന രക്തരൂക്ഷിതമായ കലാപങ്ങളെ തുടര്‍ന്നു മുസ്‌ലിം അസ്വസ്ഥതകളെക്കുറിച്ചു പഠിക്കാന്‍ നിയമിതമായ സ്ട്രാത്തം കമ്മീഷനും മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു. ഓത്തുപള്ളികള്‍ സ്‌കൂളുകളാക്കി മാറ്റിയ എയ്ഡഡ് മാപ്പിള സ്‌കൂളുകള്‍ ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ഖുര്‍ആന്‍ പഠനം സ്‌കൂളുകളിലെത്തി. 1930-ല്‍ മദിരാശി മുന്‍ ഗവര്‍ണ്ണര്‍ സര്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് റിലീജിയസ് ഇസ്ട്രക്ടര്‍മാരെ നിയമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇവരെ പിരിച്ചു വിടുകയായിരുന്നു.

പക്ഷേ തിരുവിതാംകൂറില്‍ സ്ഥിതി ഏറെക്കുറെ മെച്ചമായിരുന്നു. 1911ല്‍ ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന യോഗ തീരുമാനമനുസരിച്ച് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘം തിരുവിതാംകൂര്‍ രാജാവിനെ കണ്ട് അറബ് ഭാഷാ പഠനം സംബന്ധിച്ചു നിവേദനം നല്‍കി. ഇതിനെ തുടര്‍ന്നു 1913-ല്‍ നിയമിതമായ ഡോ. ബിഷപ്പ് കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിക്കാന്‍ ഉത്തരവായി. ഇങ്ങനെ 15 വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പഠന സമയത്തിനു മുമ്പ് ഖുര്‍ആന്‍ പഠനം നടന്നു.
പിന്നീട് സര്‍ സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരിക്കേ അദ്ദേഹം ഈ ക്ലാസുകള്‍ സ്‌കൂള്‍ പഠന സമയത്ത് തന്നെ ക്രമീകരിക്കുകയും അധ്യാപകര്‍ക്ക് അറബി മുന്‍ഷി എന്നു പേരു നല്‍കുകയും ചെയ്തു.

1956ല്‍ കേരളം രൂപവല്‍ക്കരിക്കുമ്പോള്‍ മലബാറില്‍ അപൂര്‍വ്വം സ്‌കൂളുകളില്‍ ഫസ്റ്റ് ഫോറം മുതല്‍ (ആറാം തരം) അറബി അധ്യാപകരുണ്ടായിരുന്നു. എന്നാല്‍ തിരുവിതാംകൂറിലേത് പോലെ പ്രൈമറി വിദ്യാലയങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല.

1957ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത് മുതല്‍ ഇതില്‍ ഏകീകരണത്തിനു ശ്രമം തുടങ്ങി. അന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഈ മേഖലയിലുള്ള സേവനം അവിടെ ആരംഭിക്കുന്നു. ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മുന്നില്‍ അന്നത്തെ അറബി പണ്ഡിറ്റ് യൂണിയന്‍ പ്രസിഡണ്ട് ഫലക്കി മുഹമ്മദ് മൗലവിയുടേയും സെക്രട്ടറി കരുവള്ളി മുഹമ്മദ് മൗലവിയുടെയും നേതൃത്വത്തില്‍ ഒരു നിവേദക സംഘം പ്രശ്‌നം അവതരിപ്പിച്ചു. സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. തിരുവിതാംകൂറിലെ നിയമങ്ങളും ചട്ടങ്ങളും മലബാറിലേക്കു കൂടി കൊണ്ടു വരണം എന്നതായിരുന്നു ആവശ്യം.

ഇതിന്റെ ഫലമായി 1958-ലെ കേരള വിദ്യാഭ്യാസ നിയമങ്ങളില്‍ വ്യവസ്ഥയുണ്ടായി. 100കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറബി തസ്തിക സൃഷ്ടിക്കാം. 15 പീരിയഡ് ഉണ്ടെങ്കില്‍ ഫുള്‍ടൈം ആയി പരിഗണിക്കാം. പക്ഷേ നിയമനം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മാത്രമായിരിക്കും. പണമില്ല എന്ന പേരില്‍ തസ്തികകള്‍ അംഗീകരിക്കാത്ത പ്രശ്‌നമുണ്ടായി. കേരളത്തില്‍ പ്രസിഡണ്ട് ഭരണമായിരിക്കെ കെ.എം.സീതി സാഹിബിന്റേയും ഡോക്ടര്‍ കെ.ബി.മേനോന്റേയും നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീമാലിക്കും കേരള ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയതിന്റെ ഫലമായി കുറച്ചു തസ്തികകള്‍ അംഗീകരിക്കപ്പെട്ടു.

കേരളത്തിലെ അറബി പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകുന്നത് സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ 1967 തൊട്ടാണ്. 1957 മുതല്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നല്ല പരിചയം നേടിയിരുന്ന സി.എച്ച്. അറബി ഭാഷയുടെ പ്രചാരണത്തില്‍ എന്നും സജീവ ശ്രദ്ധ പുലര്‍ത്തിയ വ്യക്തിയാണ്. വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ സി.എച്ച് സ്വീകരിച്ച നടപടി അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപക വിഭാഗത്തില്‍ നിന്നു ഭാഷാധ്യാപകരായി മാറ്റി എന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്. 365/67 വിദ്യാഭ്യാസം തിയ്യതി 18-8-1967) അനുസരിച്ചായിരുന്നു ഈ നടപടി. ക്രാഫ്റ്റ്, ഡ്രോയിംഗ്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, ഡാന്‍സ് തുടങ്ങിയ ഗ്രൂപ്പിലായിരുന്നു നേരത്തെ അറബി, സംസ്‌കൃതം, ഉര്‍ദു അധ്യാപകര്‍. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരുന്നു നിയമനാംഗീകാരം നല്‍കിയിരുന്നത്. ഇത് കാരണം പലപ്പോഴും തസ്തികകള്‍ അംഗീകരിക്കപ്പെട്ടില്ല. 1967-ലെ സപ്തകക്ഷി മന്ത്രിസഭയില്‍ പി.കെ കുഞ്ഞു ധനകാര്യ മന്ത്രിയായിരിക്കേ ആദ്യ ബജറ്റില്‍ നാലുലക്ഷം രൂപ പ്രത്യേകമായി വകയിരുത്തി കുറച്ചു തസ്തികകള്‍ അംഗീകരിച്ചു. പക്ഷേ ഭാഷാധ്യാപകരായി പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഈ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരമുണ്ടാകുന്നത്.

അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ 100 കുട്ടികള്‍ വേണം എന്ന നിബന്ധന ഒഴിവാക്കി 28 കുട്ടികള്‍ പഠിക്കാന്‍ ഉണ്ടെങ്കില്‍ ഒരു പോസ്റ്റ് അനുവദിക്കാവുന്നതാണ് എന്നതായിരുന്നു മറ്റൊരു പ്രധാന മാറ്റം. ഇതിനെ തുടര്‍ന്ന് കൂടുതല്‍ സ്‌കൂളുകളില്‍ തസ്തികകള്‍ അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 10 കുട്ടികളുണ്ടെങ്കില്‍ ഒരു പാര്‍ട്ട് ടൈം പോസ്റ്റ് എന്നതാണ് വ്യവസ്ഥ.

1967 – 73 കാലത്ത് സി.എച്ച് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പിന്നാക്ക പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ വിദ്യാഭ്യാസസൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടായി. സ്വാഭാവികമായും മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ വന്നതോടെ അറബി അധ്യാപകരുടെ എണ്ണം ക്രമപ്രവൃദ്ധമായി വര്‍ദ്ധിച്ചു. 1967ല്‍ കേരളത്തില്‍ 1000 അറബി അധ്യാപകരുണ്ടായിരുന്നത് ഇന്നു പതിനായിരത്തിനടുത്താണ്.

മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം എജുക്കേഷന്‍ തസ്തിക ആറു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത് സി.എച്ചിന്റെ ഭരണകാലത്തായിരുന്നു. നേരത്തെ ഇത് മൂന്ന് മേഖലകളില്‍ മാത്രമായിരുന്നു. അറബി അധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി ഇതുനിലനില്‍ക്കുന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം ഗേള്‍സ് എജുക്കേഷന്‍ തസ്തികയില്‍ 3 സീനിയര്‍ അറബി അധ്യാപികമാര്‍ സേവനമനുഷ്ഠിക്കുന്നു. പില്‍ക്കാലത്ത് അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക ഉണ്ടാവുന്നത് സി.എച്ചിന്റെ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ്.

ഇന്നു ഒന്നാം തരം മുതല്‍ പി.ജി.ക്ലാസ് വരെ അറബി പഠിക്കാന്‍ കേരളത്തില്‍ സൗകര്യമുണ്ട്. പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഇത്ര വിപുലമായ അറബി പഠനസൗകര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. അറബി അധ്യാപകര്‍ക്കു പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും ഓറിയന്റല്‍ ടൈറ്റില്‍ കോഴ്‌സുകള്‍ അറബി അധ്യാപക യോഗ്യതയായി നിശ്ചയിച്ചതും പ്രധാന നേട്ടങ്ങളാണ്. സി.എച്ചിന് ശേഷം ആദ്യകാല അറബിക് കോളജുകള്‍ക്ക് യൂണിവേഴ്‌സിറ്റി അഫിലിയേഷനും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളവും ഏര്‍പ്പെടുത്തിയതാണ് പ്രസ്താവ്യമായ മറ്റൊരു നാഴികക്കല്ല്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തില്‍ സി.എച്ച്. മുഹമ്മദ് കോയ വഹിച്ച പങ്ക് ഇങ്ങനെ ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നു.
(ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ചത് )

"താജ്‌മഹല്‍ പോലെ സുന്ദരവും ചെങ്കോട്ട പോലെ ഭദ്രവും ഖുതബ് മിനാര്‍ പോലെ ഉന്നതവും ആയിരിക്കണം എന്റെ സമുദായം." സി.എച്ച് മുഹമ്മദ് കോയ

2012 ഡിസംബർ 14, വെള്ളിയാഴ്‌ച

മെയ്ഡ്‌ ഇന്‍ സൗദിഅറേബ്യ ഇസുസുവും ടാറ്റയും



വ്യവസായ രംഗത്ത് വന്‍ മുന്നേറ്റത്തിനു നാന്ദി കുറിച്ചുകൊണ്ട് സൗദി അറേബ്യ സ്വന്തമായി നിര്‍മിച്ച വാഹനം ഇന്നലെ നിരത്തിലിറക്കി. ദമ്മാം സെക്കന്റ്റ് ഇന്ടസ്ട്രിയല്‍ സിറ്റിയിലെ 120000 അടി ചതുരശ്ര വിസ്തീര്‍ണമുള്ള ഇസുസു വാഹന നിര്‍മ്മാണ ശാലയിലാണ് ഇതു നിര്‍മ്മിച്ചത്. ജപ്പാനിലെ ഇസുസു മോട്ടോര്‍ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചു മെയിഡ്‌ ഇന്‍ സൗദിഅറേബ്യഎന്ന ലേബലില്‍ വാഹനം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍സൗദി വ്യവസായ മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ, സന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹമാണ് ആദ്യ ഇസുസു ട്രക്ക് ഡ്രൈവ് ചെയ്തു ഉത്ഘാടനം നിര്‍വഹിച്ചത്.

വിവിധ തരത്തിലുള്ള 600 വാഹനങ്ങള്‍ 2013 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2017ഓടെ പ്രതിവര്‍ഷം 25000 വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇസുസു പ്രസിഡണ്ട്‌ സുസുമോ ഹോസോയ് പറഞ്ഞു. ഇതില്‍ നാല്‍പതു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ തന്നെ കുറെ സ്പെയര്‍ പാര്‍ട്സുകളും ഇവിടെത്തന്നെ നിര്‍മ്മാണം ആരംഭിക്കും.

 പാര്‍ട്സ്കളുടെയും മറ്റും ലഭ്യത സുലഭമാകുന്നതോടെ ഇസുസു വാഹനങ്ങള്‍ക്ക് പ്രിയം ഏറുമെന്നാണ് വിലയിരുത്തല്‍.

 സൗദി യുടെ വ്യാവസായിക പുരോഗതിക്കു ഇസുസു വിന്‍റെ നിര്‍മ്മാണ പ്ലാന്റുകള്‍ ആക്കം കൂട്ടുമെന്നതില്‍ രണ്ടഭിപ്രായമില്ലെന്നു അദ്ദേഹംകൂട്ടിച്ചേര്‍ത്തു.വാഹന നിര്‍മ്മാണത്തിനായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതില്‍ മന്ത്രി ഇസുസു പ്രതിനിധികളോട്  നന്ദി അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ്‌ റോവര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി രണ്ടുദിവസം മുന്‍പ് ടാറ്റാ കമ്പനിയുമായി സൗദി കരാര്‍ ഒപ്പിട്ടിരുന്നു. വ്യാവസായിക മുന്നേറ്റത്തിന്റെ ഗതിവേഗം കൂടുന്നതിന്റെ തെളിവുകളാണിത്. സൗദി യുടെ മുന്നേറ്റത്തിനു എല്ലാവിധ ആശംസകളും നേരാം.

 അതിലുപരിയായി സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്, കമ്പനിയിലെ സൌദിപൌരന്മാരുടെ പ്രാധിനിത്യം മന്ത്രിയെ ഏറെ സന്തുഷ്ടനാക്കി. വ്യാവസായിക വളര്‍ച്ചയില്‍ പങ്കാളികള്‍ ആകുന്നതില്‍  സ്വദേശി യുവാക്കളെ മന്ത്രി അഭിനന്ദിച്ചു.
 കൂടുതല്‍ മലയാളി സാന്നിധ്യമൊക്കെ ഇത്തരം മേഖലകളില്‍ ഉറപ്പുവരുത്താന്‍ വിദഗ്ധ തൊഴിലാളികളെ സംഭാവനചെയ്യാന്‍ നമുക്ക് സാധിക്കണം.ഇനി യാമ്പുവില്‍ വരാന്‍ പോകുന്ന ടാറ്റ കമ്പനിയിലേക്കെങ്കിലും കുറച്ചുപേര്‍ ഇപ്പോഴേ കയറിക്കോളൂ.

2012 ഡിസംബർ 13, വ്യാഴാഴ്‌ച

ബറാക് ഒബാമ എന്നൊരു മത്സ്യം കൂടി, ക്ലിന്റനു പ്രതിഷേധം


 നോര്‍ത്ത്  അമേരിക്കയിലെ ശുദ്ധജല നീര്‍ച്ചാലുകളില്‍ കാണപ്പെടുന്ന ഒരുതരം ചെറു മത്സ്യങ്ങളാണ്  'ഡാര്‍ട്ടേര്സ്'.
പരിസ്ഥിതി കാര്യങ്ങളില്‍ ഒബാമയുടെ വീക്ഷണങ്ങളോടുള്ള   ആദരസൂചകമായി, ഈ ഇനത്തില്‍ പുതുതായി
കണ്ടുപിടിക്കപ്പെട്ട ഒരിനം മത്സ്യത്തിനാണ് ഒബാമ എന്ന് പേരിട്ടിരിക്കുന്നത്.



അമേരിക്കയില്‍ അടുത്തുനടന്ന തിരഞ്ഞെടുപ്പില്‍ നീന്തി തുടിച്ചുനില്‍ക്കുന്ന ഒബാമക്ക് ഇതൊരു അംഗീകാരമാണെങ്കില്‍
ക്ലിന്റന്‍ന്‍റെ  പേര് കിട്ടിയ മീന്‍ പ്രതിഷേധത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ശുദ്ധജലത്തിന്റെ തെളിമയോടെതന്നെ സമൂഹത്തില്‍ മാന്യനായി അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നത്. അല്ലെങ്കില്‍ തനിക്കു സുന്ദരികളായ സെക്രട്ടറി മാരെ നിയമിച്ചു ഈ തന്ന പേരിനോട് നീതിപുലര്‍ത്താന്‍ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.  റൂസ് വെല്ടും , ജിമ്മി കാര്ടരും ഒന്നും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

 അവര്‍ക്ക് ആകാമെങ്കില്‍ പിന്നെ നമുക്ക് എന്തുകൊണ്ട് ഇങ്ങനെ ആലോചിച്ചുകൂടാ!? പ്രണാബ്, പ്രതിഭാ, സാങ്ങ്മ  എന്നീപെരുകളിലോക്കെ അറിയപ്പെടാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് ഇവിടെ കൊച്ചിയിലെ ചീനവലയില്‍ കുടുങ്ങിയ
ഒരുപറ്റം പരല്‍ കുഞ്ഞുങ്ങള്‍ കരയണഞ്ഞുടനെ   ആവശ്യപ്പെട്ടതായി വിഷന്‍ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


 കടലില്‍ അഴിമതി നടത്തുന്ന മീനുകളെ കണ്ടെത്തുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്നതിനുള്ള  നീക്കം നടക്കുന്നതായി അറിഞ്ഞപ്പോള്‍ തന്നെ,  രാഷ്ട്രീയക്കാരുടെ പേരുകള്‍ നല്‍കി മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നതിനുള്ള സമരത്തിന്‍റെ ഭാഗമായി ട്രോളിംഗ് നിരോധനം  ഏര്‍പ്പെടുത്താന്‍ മീനുകളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തതായി കസ്റ്റടിയിലായവര്‍ വ്യക്തമാക്കി.

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

ഒ എന്‍ വി ജ്ഞാനപീഠം ഏറ്റുവാങ്ങി


കവി ഒ.എന്‍.വി. കുറുപ്പ് ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി.
ഇത് മലയാള ഭാഷക്ക് കിട്ടിയ അംഗീകാരം കൂടിയാണ് . ഓ എന്‍ വി ക്ക് അഭിനന്ദനങള്‍
മലയാളം ബ്ലോഗില്‍ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്നതിനാല്‍ ഇവിടെ പറയുകയാണ്‌.
വാഗ്‌ദേവതാ ശില്പവും ഫലകവും ഏഴു ലക്ഷം രൂപയുമാണ് പുരസ്‌കാരം.

കവിപറഞ്ഞ വാക്കുകള്‍ കാവ്യസ്മരണകളുടെ വേലിയേറ്റം തീര്‍ത്തു. ”കടലിനും കായലിനുമിടയിലുള്ള ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആ ഗ്രാമീണരുടെ കണ്ണീരുപ്പും കടലുപ്പും ലാവണ്യമാക്കിയ കവിതയുടെ കൈക്കുറ്റപ്പാടുമായി പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ കാവ്യപഥികന് വെയില്‍ ചായുന്ന ഈ സായന്തനത്തില്‍ കൈവന്ന പാഥേയം നാടിന്റെ ഓരോ മണ്‍തരികളെയും മനസ്സാവണങ്ങി ഏറ്റുവാങ്ങുന്നു”.

ഒ.എന്‍.വി. കുറുപ്പ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ച വിമന്‍സ് കോളേജാണ് പുരസ്‌കാര സമര്‍പ്പണത്തിന് വേദിയായത്.

ഇത് മലയാള ഭാഷക്ക് ‌ കിട്ടിയ അംഗീകാരം കൂടിയാണ്. മലയാള ബ്ലോഗിലും സാഹിത്യം വളരട്ടെ, ഉന്നതിയുടെ പീഠം ചവിട്ടി കയറുവാന്‍ നല്ല എഴുത്തുകാര്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മലയാളത്തിലെ എല്ലാ ബ്ലോഗ്‌ എഴുത്തുകാര്‍ക്കും പ്രത്യേക ആശംസകളോടെ.aj

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

കനത്ത മഴ ജനജീവിതം സ്തംഭിച്ചു.



കനത്ത മഴ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു.

മഴയും വെള്ളപോക്കവും ഒന്നും മലയാളിക്ക് പുതുമയല്ല. കാരണം വര്‍ഷാ വര്ഷം നാം ഇത് കാണുന്നതും ദുരിതങ്ങള്‍ അനുഭവിക്കുന്നതുമാണ്. എന്നാല്‍ താരതമ്യേന മഴ കുറഞ്ഞ ഗള്‍ഫ്‌ മേഖലയില്‍  ഇതിനാല്‍ നേരിടുന്ന ദുരിതം ചെറുതല്ല. കനത്ത മഴ ഇപ്പോള്‍ ദുരന്തമായി ഭവിച്ചിരിക്കയാണ് ജിദ്ദയിലെ ജനങ്ങള്‍ക്ക്‌. സൌദിയിലും അതുപോലെ ഗള്‍ഫ്‌ നാടുകളിലും ഒരു മഴ കിട്ടുക എന്നത് എല്ലാവര്ക്കും സന്തോഷം നല്‍കുന്ന കാര്യം പോലെ തന്നെ വാര്‍ത്ത‍ കൂടിയാണ് .
മരുഭൂമികള്‍ നിറഞ്ഞ  ഗള്‍ഫിലെ ചുറ്റുപാടില്‍ മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ഥനകള്‍ തന്നെ നടത്താറുണ്ട്‌. സൌദിയില്‍ ഇതിനു രാജാവ്‌ ആഹ്വാനം ചെയ്യുകയും വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ഇമാമുമാര്‍ പ്രത്യേകമായി ഉള്‍പെടുത്തുകയും
ചെയ്യുന്നുണ്ട്. (ഇത് നബി ചര്യ കൂടിയാണ് , മഴകിട്ടാതെ ജനം വലയുമ്പോള്‍ മഴ ലഭിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്  നമസ്കാരം തന്നെ നടത്തുക എന്നത് ഇസ്ലാമിക മാതൃക ആണ്. ജനങ്ങള്‍ക്ക്‌ ദുരിതം ഇല്ലാത്ത അനുഗ്രഹീതമായ് മഴക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കും)
വളരെ കുറഞ്ഞ സമയം വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന മഴയുടെ അനന്തര ഫലമാണ് ഇവിടെ ദുരിതപൂര്‍ണമായി കാണുന്നത്. അപ്പോള്‍ നാട്ടിലെ പോലെ ഒന്നോ രണ്ടോ മാസം മഴക്കാലമായാല്‍ സ്ഥിതി എന്തായിരിക്കും, എല്ലാം അറിയുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെ ഇതെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം
ഇന്നലെ ജിദ്ദയില്‍ ഉണ്ടായതും കനത്ത മഴ ആയിരുന്നു. ഒരു അപ്രഖ്യാപിത അവധിയാണ് ഇന്നത്തെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇന്നലെ സ്കൂളില്‍  പോയ കുട്ടികളെ ഇന്നാണ് മടക്കി കൊണ്ട് വന്നെതെന്നു നമ്മുടെ പ്രമുഖ ബ്ലോഗര്‍ അജിത്‌ നീര്‍വിളാകനുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി.
ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്.

വെബ്‌ ദുനിയ നല്‍കിയ വാര്‍ത്ത‍ ഇവിടെ പങ്കു വെക്കുന്നു.
സൌദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി‍‍. നഗരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഷോക്കേറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 2009 നവംബറില്‍ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച മൂന്ന് മണിക്കൂര്‍ കൊണ്ട് 111 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്.
കനത്ത മഴയില്‍ ഭൂഗര്‍ഭ ടാങ്കുകളിലെ മലിനജലം പ്രളയ ജലത്തിനൊപ്പം ചേര്‍ന്ന് നഗരമാകെ ദുര്‍ഗ്ഗന്ധപൂരിതമായിരിക്കുകയാണ്. കനത്തമഴയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാത്തതില്‍ നഗരവാസികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആളുകള്‍ വീടുവിട്ട് വെളിയില്‍ പോകരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2011 ജനുവരി 26, ബുധനാഴ്‌ച

ഭാരത റിപബ്ലിക്



ഭാരത നാടിന്‍ പേരില്‍ നമ്മള്‍
അഭിമാനങ്ങള്‍ പറയുന്നു.
അഭിമാനത്തിന്‍ അടിവരയിപ്പോള്‍
നമ്മള്‍ തന്നെ മായ്ക്കുന്നു.

നാട് ഭരിക്കും നായകരിന്ന്‍
നാല്‍പതു കാശുണ്ടാക്കുന്നു
ജനാധിപത്യ വാഴ്ചയിലൂടെ
ജനതതി നട്ടം തിരിയുന്നു.

നാട് നടുക്കും നരഹത്യകള്‍
നാള്‍ക്കുനാള്‍ ഭീകര പട്ടികകള്‍
 "ഭാരത" നാമം മറയാക്കി
നടനമാടും നാടോടികള്‍

ഇന്നിപ്പോള്‍ ഇവര്‍ ലാല്‍ ചൌക്കില്‍
പതാകയുമായി 'ഒരു യാത്ര'
രഥയാത്രയുടെ തേര് തെളിച്ച്
ചവിട്ടി മെതിച്ചത് സൌഹാര്‍ദം,

നാനാത്വത്തിലെ ഏകത്വം
പിച്ചി ചീന്താന്‍ ആലോചനകള്‍
കര്‍ണം അടഞ്ഞ ജേര്‍ണലുകള്‍
ഇരുണ്ട കണ്ണട മാറ്റുക നിങ്ങള്‍

അസിമാനന്ദ ഏറ്റു പറഞ്ഞു
ഭീകര മോര്‍ച്ചയുടെ ഭാരത സ്നേഹം
നീതിന്യായ വ്യവസ്ഥകള്‍ എല്ലാം
ശിരസ്സ്‌ കുനിച്ചു വഴി മാറിയതോ?

അഴികള്‍ക്കുള്ളില്‍ കത്തി തീര്‍ന്ന
ആയിരം ആയിരം യുവജന്മങ്ങള്‍
ആഴിയോരുക്കിയ ആനന്ദന്‍മാര്‍ 
അഭിമാനിക്കും ഭാരതമണ്ണ്!! 

വര്‍ണ പതാകയാല്‍ മാറ് മറച്ച്   
ലജ്ജിക്കുന്നീ റിപബ്ലിക്
വസ്ത്രാക്ഷേപം ചെയ്യപ്പെട്ടോരീ   
ഭാരതാംബതന്‍ നഗ്നതയില്‍.

2011 ജനുവരി 21, വെള്ളിയാഴ്‌ച

നിനക്കാത്ത കല്ല്‌ മഴ.

നിനക്കാത്ത കല്ല്‌ മഴ.

January 3rd, 2011
പിന്നിലെ ഗ്ലാസ്‌ പൊട്ടിയ നിലയില്‍
ഇന്നലെ  ഉച്ചക്ക്  രണ്ടുമണി,
ഊണ് കഴിഞ്ഞ് ഓഫീസില്‍ എത്തി പത്രത്തിന്റെ സോഫ്റ്റ്‌ കോപ്പിയില്‍ കണ്ണും  നട്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു കുലുക്കം അഞ്ചു നിലകളുള്ള കെട്ടിടം ആകെയൊന്നു   ഉലഞ്ഞു, എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും തൊട്ടടുത്ത്‌  നടക്കുന്ന  റോഡ്‌ വര്‍ക്കിന്റെ ഭാഗമായി ഇടക്കൊക്കെ  ഇങ്ങനെ ചെറിയ  ഇളക്കങ്ങള്‍  ഇപ്പോള്‍ പതിവാണ്   .
എങ്കിലും ഇതൊരു  ഭൂചലനത്തിന്റെ പ്രതീതി ഉണ്ടാക്കി. സാധാരണയില്‍ കവിഞ്ഞ ഈ ശബ്ദവും ചലനവും  എല്ലാവരിലുംഅല്പം ഞെട്ടല്‍  ഉളവാക്കി. ഉടനെതന്നെ സുഹൃത്തായ സുഡാനിയുടെ ഫോണ വന്നു , മറ്റൊരു സഹപ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ്‌ തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. സൗദി കളായ സുഹൃത്തുക്കള്‍ ചോദിച്ചത്  എവിടെയാണ് ബോമ്പ്  പൊട്ടിയത് എന്നായിരുന്നു! നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നതിനെക്കാള്‍ ഇവര്‍ക്ക് ഇവിടെ പരിചയമുള്ളത്‌ ബോമ്പ്  പൊട്ടുന്ന  ശബ്ദംമാണ് .
പിന്‍ വശത്തെ ഗ്ലാസ്‌ തകര്‍ന്ന നിലയില്‍.
കോബാര്‍  – ദഹറാന്‍      റോഡില്‍   പുതുതായി  നിര്‍മിക്കുന്ന  അണ്ടര്‍    ഗ്രൌണ്ട്  റോഡിന്റെ  പണിയുടെ ഭാഗമായി  പാറ പൊട്ടിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ വളരെ ശക്തമായി പൊട്ടി തെറിച്ചത്‌. ഏതാണ്ട് ഇരുനൂറ്റി അമ്പതു മീറ്റര്‍ ചുറ്റളവില്‍ അതില്‍ നിന്നുള്ള കല്ലുകള്‍ തെറിച്ചു വീണു. ആ  ഭാഗത്ത്‌  പാര്‍ക്ക്  ചെയ്തിരുന്ന മിക്ക   വാഹനങ്ങളുടെയും  ഗ്ലാസ്‌  തകര്‍ന്നു .  കല്ലുകള്‍  ചിതറി  തെറിച്ചത്‌  കാരണം  ഒരു  കല്ല്‌  മഴയുടെ  പ്രതീതി  തന്നെ  ആയിരുന്നതായി  കണ്ടവര്‍  പറഞ്ഞു. വാഹനം ഉള്ളവരൊക്കെ പെട്ടെന്ന് തന്നെ ഇറങ്ങി പരിശോധിച്ചു . പരിസരത്തെ എല്ലാ വാഹനങ്ങള്‍ക്കും തന്നെ കല്ലുകള്‍ വീണു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ അറിയിച്ചതിനാല്‍ പോലീസ് എത്തി വീഡിയോ പകര്‍ത്തി. നഷ്ട പരിഹാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍ . തൊട്ടടുത്ത ഗ്ലാസ്‌ പതിച്ച കെട്ടിടങ്ങളിലും(ഹുണ്ടായി ഷോ റൂം) കല്ല്‌ വീണു ഗ്ലാസ്‌ തകര്‍ന്നു.
 
കെട്ടിടത്തിന്റെ ഗ്ലാസ് തകര്ന്നനിലയില്‍
കല്ലുകള്‍ ചിതറിക്കിടക്കുന്നു.
എന്റെ പാവം മൊബൈലില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.